അട്ടപ്പാടി മധു കൊലപാതക കേസ് ; കൂറുമാറിയ വാച്ചറെ പിരിച്ച് വിട്ടു

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ കൂറുമാറിയ വനം വകുപ്പിലെ വാച്ചറെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനില്‍ കുമാറിനെയാണ് വനം വകുപ്പ് പിരിച്ച് വിട്ടത്. മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായിരുന്നു അനില്‍ കുമാര്‍. മധുവിനെ അറിയില്ലെന്നാണ് അനില്‍ കുമാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. പൊലീസിന്റെ നിര്‍ബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ 10 ഉം 11 ഉം സാക്ഷികള്‍ കൂറുമാറിയിരുന്നു.

കൂറുമാറ്റം തടയാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കേസില്‍ കൂറുമാറ്റം തുടരുകയാണ്. പതിനാലാം സാക്ഷിയായ ആനന്ദനും ഇന്ന് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം നാലായി. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സാക്ഷികള്‍ കൂറ് മാറുന്നതില്‍ മധുവിന്റെ സഹോദരി പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് സങ്കടം പറയുകയും ചെയ്തിരുന്നു. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെട്ടെന്നാണ് സരസു പറഞ്ഞത്. കേസില്‍ നിന്ന് പിന്മാറാന്‍ വലിയ സമ്മര്‍ദം ഉണ്ടെന്നും കുടുംബം എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. 12-ാമത്തെ സാക്ഷി കൂറുമാറിയ സാഹചര്യത്തിലാണ് സ്വന്തം സഹോദരന് നീതി തേടി പോരാടുന്ന സരസു നിസ്സഹായവസ്ഥ പങ്കുവച്ചത്.

അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണി ഉണ്ടെന്ന് കാണിച്ച് മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നല്‍കി. മണ്ണാര്‍ക്കാടേക്ക് താമസം മാറ്റാനാണ് കുടുംബത്തിന്റെ ആലോചന. ഭീഷണിയും പ്രലോഭനങ്ങളും ഭയന്നാണ് തീരുമാനമെന്നും സരസു പറഞ്ഞിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ മോഷണക്കുറ്റം ആരോപിച്ചു മധുവിനെ തല്ലിക്കൊല്ലുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന ഈ ക്രൂരതയ്ക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു ഒരു വര്‍ഷം കഴിഞ്ഞും തീരുമാനം ഒന്നും ആയിട്ടില്ല. ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറെ വെക്കാന്‍ പോലും സര്‍ക്കാര്‍ ഏറെ അലംഭാവം കേസില്‍ കാണിച്ചിരുന്നു.