സ്വര്‍ണ്ണക്കടത്ത് ; സര്‍ക്കാരിനെ കുരുക്കിലാക്കി ഇ ഡി ; കേസ് ബംഗളൂരുവിലേക്ക് മാറ്റാന്‍ നീക്കം

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി ഇഡി. കേസുകള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേരളത്തിലാണ് എങ്കില്‍ കേസ് അട്ടിമറിക്കാന്‍ സാധ്യത ഉണ്ട് എന്നാണ് ഹര്‍ജിയിലെ ആരോപണം. സ്വര്‍ണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജയിലുളളത്.

ഹര്‍ജി ഇന്ന് നമ്പറിട്ട് കിട്ടിയേക്കുമെന്ന് ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തില്‍ നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാകില്ല. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇഡി ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ തലത്തിലെ തീരുമാനമാണ് ഇതെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. സ്വര്‍ണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഈ നീക്കം. അതേസമയം, സ്വര്‍ണക്കടത്തുകേസിലെ സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. എന്‍ഐഎയും ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വര്‍ണക്കടത്തെന്നാണ് പ്രാഥമിക അനുമാനം. എംപിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് ഈ മറുപടി പറഞ്ഞത്.

കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണെന്ന് കേന്ദ്രം ലോക്‌സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു. സ്വപ്ന സുരേഷിന്റെ മൊഴിയെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ വഴി അറിഞ്ഞെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സ്വപ്ന സുരേഷിന്റെ മൊഴിയിലാണോ അന്വേഷണം എന്ന് കേന്ദ്രം വിശദീകരിക്കുന്നില്ല. കേസിലെ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നും അടുര്‍ പ്രകാശ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമര്‍ശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഇന്ന് അറിയിക്കും. എന്നാല്‍ തന്നെ മനപൂര്‍വം കളളക്കേസില്‍ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്.