കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്കില്‍ വര്‍ധന

സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ ക്രമാതീതമായ വര്‍ധനവ്. 1000 പുരുഷന്മാര്‍ക്ക് 968 സ്ത്രീകള്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം. ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ നിരക്കായാണിതിനെ കണക്കാക്കുന്നത്. 2019 ല്‍ 1000 പുരുഷന്മാര്‍ക്ക് 960 സ്ത്രീകള്‍ എന്നായിരുന്നു കണക്ക്. 2018 ല്‍ അത് 963 ആയിരുന്നു. 2011 ല്‍ 1000 പുരുഷന്മാര്‍ക്ക് 939 എന്നിങ്ങനെയായിരുന്നു അനുപാതം. 2020 ആകെ ജനിച്ചത് 4,46,891 കുട്ടികളാണ്. അതില്‍ 2,19,809 പെണ്‍കുട്ടികള്‍ 2,27,053 ആണ്‍കുട്ടികള്‍ എന്നിങ്ങനെയായിരുന്നു കണക്കുകള്‍. 29 കുട്ടികളുടെ ലിംഗം രേഖപ്പെടുത്തിയിട്ടില്ല.

ജനനനിരക്ക് താരതമ്യേന കൂടുതലായി രേഖപെടുത്തിയിരിക്കുന്നത് നഗരങ്ങളിലാണ്. 2020 ല്‍ ഗ്രാമങ്ങളില്‍ 1,38,910 ജനിച്ചപ്പോള്‍ നഗരത്തില്‍ 3,07,981 കുഞ്ഞുങ്ങള്‍ ജനിച്ചു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഉള്ളതിനാല്‍ മുഴുവന്‍ ജനസംഖ്യയുടെയും ലിംഗാനുപാതം എസ്ആര്‍ബിയില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്പമെന്റ് ചെയര്‍മാന്‍ എസ് ഇരുദയ രാജന്‍ പറഞ്ഞു. അതുപോലെ 19 വയസോ അതില്‍ കുറവോ പ്രായമുള്ള ഗര്‍ഭം ധരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 2019 ല്‍ ഇത് 20,998 ആയിരുന്നെങ്കില്‍ 2020 ല്‍ ഇത് 17,202 ആയി ഗണ്യമായി കുറഞ്ഞു. ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ ജനനം നടന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന ആകെ പ്രസവങ്ങളില്‍ 57.69 ശതമാനവും ശസ്ത്രക്രിയ ആയിരുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ 42.93 ശതമാനം ശസ്ത്രക്രിയയിലൂടെയാണ്.

SRB-യിലെ വര്‍ദ്ധിച്ചുവരുന്ന പ്രവണത ശിശു ലിംഗാനുപാതത്തിലും (CSR) ദേശീയ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സംസ്ഥാനത്തെ സഹായിക്കും. 2011-ലെ സെന്‍സസ് പ്രകാരം, 964-ന്റെ CSR ഉള്ള കേരളം രാജ്യത്ത് ഏഴാം സ്ഥാനത്താണ്. 972-ന്റെ CSR ഉള്ള അരുണാചല്‍ പ്രദേശ് ഏറ്റവും മുന്നിലായിരുന്നു. കേരളത്തിന് മുകളിലുള്ള മറ്റ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ മിസോറാം, മേഘാലയ (രണ്ടും 970), ഛത്തീസ്ഗഡ് (969) ആയിരുന്നു.