പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ എന്ന് റിപ്പോര്‍ട്ട്
പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ വൈകിട്ടാണ് പള്‍സര്‍ സുനിയെ എത്തിച്ചത്. ഇയാളുടെ ജാമ്യഹര്‍ജി സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് ലഭ്യമാകുന്ന വിവരം. എന്താണ് അസുഖം എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപും വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബിജെപി നേതാവെന്ന് ക്രൈംബ്രാഞ്ച്. ബിജെപി സംസ്ഥാന സമിതി അംഗമായ ഉല്ലാസ് ബാബു ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ രേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
കേസിലെ സാക്ഷി വാസുദേവന്റെ മൊഴി മാറ്റത്തിന് പിന്നില്‍ ഉല്ലാസ് ബാബുവിന് പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ശബ്ദരേഖ ഉല്ലാസിന്റേതെന്ന് ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഇയാളുടെ ശബ്ദസാമ്പിള്‍ പരിശോധിച്ചു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ദിലീപിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ദിലീപിന്റെ സുഹൃത്തായ ശരത്, കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി.