സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ ആണുങ്ങളുടെ ജയിലിലേയ്ക്ക് മാറ്റി

അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള ജയിലിലാണ് സംഭവം. സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെയാണ് പുരുഷന്‍മാരുടെ  ജയിലിലേക്ക് മാറ്റിയത്. ട്രാന്‍സ് വുമണിന്റെ സെല്ലിലെ രണ്ട് സ്ത്രീ തടവുകാര്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു നടപടി. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഈ ട്രാന്‍സ് വുമണ്‍ രണ്ട് സ്ത്രീ തടവുകാരുമായി സെല്ലില്‍ വെച്ച് ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് സെല്‍ മാറ്റം. ഗാര്‍ഡന്‍ സ്റ്റേറ്റ് യൂത്ത് കറക്ഷന്‍ ഫെസിലിറ്റിയിലേക്കാണ് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. പുരുഷ തടുവകാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഡെമി മൈനര്‍ എന്ന 27 വയസ്സുള്ള ഈ ട്രാന്‍സ് ജെന്‍ഡര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല. ട്രാന്‍സ് തടവുകാരെ അവരുടെ ജന്‍മസമയത്തുള്ള ലിംഗം കണക്കാക്കാതെ അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റി പ്രകാരം തടവില്‍ പാര്‍പ്പിക്കണമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ഓഫ് ന്യൂ ജഴ്സിയുമായി ജയില്‍ വകുപ്പ് ഉണ്ടാക്കിയ ധാരണ.

മുന്‍പ് ട്രാന്‍സ് വുമണ്‍ ആയ തടവുകാരെ പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചതിനെ തുടര്‍ന്ന് നിരവധി ലൈംഗിക പീഡന കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ ധാരണയിലെത്തിയത്. ഇത് പ്രകാരം, ട്രാന്‍സ് വുമണ്‍ തടവുകാരെ സ്ത്രീ തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിക്കുന്നത്. അങ്ങനെയാണ്, സ്ത്രീ തടവുകാര്‍ മാത്രമുള്ള പ്രത്യേക സെല്ലിലേക്ക് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്ന മഹന്‍ കറക്ഷന്‍ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വെച്ചാണ് സെല്ലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരികളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത്. ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റില്‍ ഡെമി മൈനര്‍ സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായതിനിടെയാണ്, ഇരുവരും കഴിഞ്ഞ വര്‍ഷം ഗര്‍ഭിണികളായത്. ഇതിനെ തുടര്‍ന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്.