തമിഴ് നാട്ടില്‍ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; ഇറിഡിയം വ്യാപാരവുമായി ബന്ധമെന്ന് വിവരം

ധര്‍മപുരി : തമിഴ് നാട്ടില്‍ റോഡരികിലുള്ള വനത്തില്‍ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഇറിഡിയം വ്യാപാര തട്ടിപ്പെന്ന് സൂചന. കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരുവനന്തപുരം, കൊച്ചി സ്വദേശികളുടേതാണ്. ഇറിഡിയം വ്യാപാരത്തിന് എത്തിയപ്പോഴാണ് മലയാളികളായ ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ധര്‍മ്മപുരി പൊലീസ് സംശയിക്കുന്നത്. കേസില്‍ ഇന്നലെ അറസ്റ്റിലായ മേട്ടൂര്‍ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട ശിവകുമാര്‍ വിശ്വനാഥനും നെവില്‍ ഗ്രിഗറി ബ്രൂസിന്റെയും സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്നാണ് ധര്‍മ്മപുരി പൊലീസ് പറയുന്നത്. കൊല്ലപ്പെടുന്നതിന് തലേദിവസം ഇരുവരും തങ്ങിയ സേലത്തെ ഹോട്ടലിലെ സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് മേട്ടൂര്‍ സ്വദേശിയെ പൊലീസ് പിടികൂടിയത്.

കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ലോബികളില്‍ ഉള്‍പ്പെട്ടവരുമായി ഇറിഡിയം വ്യാപാരത്തിനായാണ് മലയാളികള്‍ ധര്‍മപുരിയില്‍ എത്തിയതെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. അറസ്റ്റിലായ മേട്ടൂര്‍ സ്വദേശിയില്‍ നിന്നാണ് ഈ നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. രണ്ടു പേരുടേയും മൃതശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പിടിവലി നടന്ന ലക്ഷണങ്ങളില്ല. മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പാഗല്‍പ്പട്ടി വനമേഖലയിലെ ക്വാറിക്ക് സമീപം കൊണ്ടുവന്ന് തള്ളുകയായിരുന്നു എന്നാണ് നിഗമനം.

സേലം ഓമല്ലൂര്‍ ടോള്‍ ഗേറ്റിലൂടെ കൊല്ലപ്പെട്ടവരുടെ കാര്‍ കടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അതിനുശേഷം ധര്‍മപുരി എത്തുന്നത് വരെ ദേശീയപാതയിലെ ടോള്‍ പ്ലാസകളിലൂടെ കാര്‍ പോയിട്ടില്ല. ഓമല്ലൂരിനും ധര്‍മപുരിക്കും ഇടയില്‍ ഇടറോഡുകളിലൂടെയാണ് ശിവകുമാറും നെവിലും സഞ്ചരിച്ചത്. ഇതുവഴി ഇവരെ തട്ടിക്കൊണ്ടു പോയതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.അന്താരാഷ്ട്ര വിപണിയില്‍ വന്‍ വിലയുള്ള ലോഹമാണ് ഇറിഡിയം. എങ്കിലും റൈസ് പുള്ളര്‍, താഴികക്കുടം തുടങ്ങിയ പേരുകളില്‍ ഇറിഡിയത്തില്‍ നിര്‍മിച്ചതെന്ന് വിശ്വസിപ്പിച്ച വസ്തുക്കളും അനധികൃത വിപണിയില്‍ സജീവമാണ്. ഇവ കാട്ടി അന്ധവിശ്വാസം ചൂഷണം ചെയ്ത് തട്ടിപ്പ് നടത്തുന്ന അന്തര്‍സംസ്ഥാന സംഘങ്ങള്‍ സജീവമാണ്.