ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു

സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു. ഗോത്ര വര്‍ഗത്തില്‍ നിന്നും ഈ സ്ഥാനത്ത് എത്തുന്ന ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. മൂന്നാം വട്ട വോട്ടെണ്ണലിന്റെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ മുര്‍മുവിന് ലഭിച്ച വോട്ടിന്റെ മൂല്യം കേവല ഭൂരിപക്ഷം പിന്നിട്ടിരുന്നു. 2824 വോട്ടുമായി ഉജ്വല വിജയമാണ് ദ്രൗപദി മുര്‍മു നേടിയത്. 6,76, 803 വോട്ടുമൂല്യമാണ് ദ്രൗപദി മുര്‍മുവിന് ലഭിച്ചത്. ദ്രൗപദി മുര്‍മുവിനായി വ്യാപക ക്രോസ് വോട്ടിം?ഗ് നടന്നിരുന്നു . 17 എംപിമാരും 104 എംഎല്‍എമാരും ദ്രൗപദി മുര്‍മുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. രാവിലെ 11 മണി മുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. തുടക്കം മുതല്‍ ദ്രൗപദി മുര്‍മു വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.

ആകെ 4025 എംഎല്‍എമാര്‍ക്കും 771 എംപിമാര്‍ക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുന്‍പേ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയം എന്‍ഡിഎ ഉറപ്പിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുന്‍പേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍ട്ടികളുടെ വരെ വോട്ട് നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ തന്ത്രങ്ങളെല്ലാം നൂറു ശതമാനം വിജയം കാണുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

ദ്രൗപദി മുര്‍മുവിന്റെ ജീവിത വഴി :

ഒഡീഷയില സന്താള്‍ ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടയാളാണ് ദ്രൌപദി മുര്‍മു. ഉപര്‍ഭേദയിലെ അവരുടെ ഗ്രാമത്തില്‍ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളില്‍ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുര്‍മു റെയ്‌സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വരിലെ രമാ ദേവി സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സിലായിരുന്നു ബിരുദം. ആദ്യ ജോലി ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി. പിന്നീട് സ്‌കൂള്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 1997ല്‍ മുര്‍മ്മു റായ്‌റംഗ്പൂര്‍ മുന്‍സിപ്പല്‍ കൌണ്‍സിലറായി. അക്കാലത്ത് ഒഡീഷയില്‍ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് ദ്രൌപദി മുര്‍മ്മു മുതല്‍ക്കൂട്ടായി.

ബിജെഡി – ബിജെപി സഖ്യം മത്സരിച്ച രണ്ടായിരത്തിലും രണ്ടായിരത്തി നാലിലും രണ്ട് തവണ മുര്‍മ്മു ഒഡീഷയില്‍ എംഎല്‍എ ആയി. നാല് വര്‍ഷം സംസ്ഥാനത്തെ മന്ത്രിയായി. ട്രാന്‍സ്‌പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തത്. 2009ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെഡി – ബിജെപി സഖ്യം തകര്‍ന്നതിനാല്‍ മുര്‍മ്മു പരാജയപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് വ്യക്തി ജീവിതത്തില്‍ ഏറെ നഷ്ടങ്ങള്‍ നേരിട്ടു മുര്‍മ്മു. ഭര്‍ത്താവിന്റെയും രണ്ടാണ്‍മക്കളുടെയും മരണം മുര്‍മ്മുവിനെ ഉലച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജാര്‍ഖണ്ഡ് ഗവര്‍ണറായി ആയിരുന്നു മുര്‍മ്മുവിന്റെ തിരിച്ചുവരവ്. ജാര്‍ഖണ്ഡിലെ ഭൂനിയമങ്ങള്‍ക്കെതിരായ ആദിവാസി സമരങ്ങള്‍ക്കിടയിലായിരുന്നു ദ്രൌപദി മുര്‍മ്മു ഗവര്‍ണറായി എത്തിയത്.

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് നിയമങ്ങള്‍ ആദിവാസികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടുകാണിച്ച് ദ്രൌപദി മുര്‍മ്മു ഒപ്പ് വെക്കാതെ മടക്കി അയച്ചിട്ടുണ്ട്. മന്ത്രിയായും ഗവര്‍ണ്ണറായുമുള്ള ഭരണമമികവ് കൂടിയാണ് മുര്‍മുവിനെ പരമോന്നത പദവിയില്‍ എത്തിച്ചത്. ആദ്യമായി ഗോത്രവിഭാഗത്തില്‍ നിന്ന് ഒരു വനിത റായ്‌സിന കുന്നിലെത്തുമ്പോള്‍ ദ്രൗപദി മുര്‍മുവിന്റെ നയവും രീതിയും എന്താവും എന്നറിയാന്‍ ഇന്ത്യയും കാത്തിരിക്കുന്നു.