രാജ്യത്ത് 747 വെബ്‌സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും നിരോധിച്ചു

രാജ്യത്ത് 747 വെബ്‌സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ 2021-22ല്‍ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. 94 യൂട്യൂബ് ചാനലുകള്‍ക്കും 19 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും 747 യു ആര്‍ എല്ലുകള്‍ക്കും എതിരെ മന്ത്രാലയം നടപടിയെടുത്തതായും അവയെ ബ്ലോക്ക് ചെയ്തതായും രാജ്യ സഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം 2000 സെക്ഷന്‍ 69 എ പ്രകാരമാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും ഇന്റര്‍നെറ്റില്‍ വ്യാജ പ്രചരണം നടത്തിയും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.