സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു , 94.40 % വിജയം ; ഒന്നാമത് തിരുവനന്തപുരം
സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്ത്. ഇക്കുറി 94.40 ശതമാനം വിജയമാണ് ഇത്തവണ പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി തിരുവനന്തപുരമാണ് ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 95.21 ശതമാനം പേര്‍ വിജയം നേടി. സി ബി എസ് ഇ റിസള്‍ട്‌സ്, ഡിജിലോക്കര്‍, റിസള്‍ട്‌സ് എന്നീ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും. സി ബി എസ് ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളേക്ക് മാറ്റിവെക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ അടക്കം പ്ലസ് ടു പ്രവര്‍ത്തനം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ സി ബി എസ് ഇ പ്ലസ് ടു ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തില്‍ രണ്ടാം സ്ഥാനം കേരളത്തിലാണ്. ആന്ധ്ര പ്രദേശിനാണ് ഒന്നാം സ്ഥാനം. പ്ലസ് ടു പരീക്ഷയില്‍ 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയമുണ്ട്. cbse.nic.in എന്ന സെറ്റില്‍ ഫലം ലഭ്യമാകും. അതേസമയം കൊവിഡ് സാഹചര്യത്തില്‍ ഇളവ് വന്നതോടെ അടുത്ത വര്‍ഷം ഫെബ്രുവരി പതിനഞ്ച് മുതല്‍ പ്ലസ്ടു പരീക്ഷ നടത്തുമെന്നും സി ബി എസ് ഇ അറിയിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു . മാനവികത വലിയ വെല്ലുവിളി നേരിട്ട കാലഘട്ടത്തില്‍ പരീക്ഷ എഴുതിയ യുവാക്കളുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.