അംഗോളയില്‍ ജയിലില്‍ കുടുങ്ങിയ മലയാളി യുവാവിന് രക്ഷകനായി നരേന്ദ്ര മോദി

ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ജയിലില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി രഞ്ജിത്ത് രവി മോചിതനായി. ഇയാള്‍ രണ്ടു ദിവസത്തിനകം നാട്ടിലെത്തുമെന്ന് ഇന്ത്യന്‍ എംബസി വീട്ടുകാരെ അറിയിച്ചു. കമ്പനിയുടെ വ്യാജ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തോളമായി അംഗോള ജയിലില്‍ കഴിയുന്ന രഞ്ജിത്തിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് എംബസിയുടെ ഇടപെടല്‍. രഞ്ജിത്ത് ജോലി ചെയ്യുന്ന കമ്പനിയില്‍ സ്റ്റോക്ക് തിരിമറി നടത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തെ ജയിലില്‍ അടച്ചത്.

വ്യാജ പരാതിയിലാണ് രഞ്ജിത്തിനെ ജയിലില്‍ അടച്ചതെന്നും ഇടപെടണമെന്നുമാവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയ്ക്കും, രാഷ്ട്രപതിക്കും, മുഖ്യമന്ത്രി, എം.പി. ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്കും അപേക്ഷ നല്‍കി. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി നടപടി സ്വീകരിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ദിവസമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രഞ്ജിത്ത് ജയില്‍ മോചിതനായത്. ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചതോടെ വലിയ സന്തോഷത്തിലും ആശ്വാസത്തിലുമാണ് കുടുംബം. അന്വേഷണത്തില്‍ രഞ്ജിത്ത് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതായി രഞ്ജിത്തിന്റെ പിതാവ് രവി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനം നാട്ടിലേക്ക് മടങ്ങാന്‍ അവധി ചോദിച്ചെങ്കിലും അവധി നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. ഇത് ചോദ്യം ചെയ്തതോടെ ശബളവും മുടങ്ങി. ഇതോടെ ജോലി അവസാനിപ്പിച്ച് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും വ്യാജ പരാതി നല്‍കി രഞ്ജിതിനെ ജയിലിലടച്ചുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് 25 ന് മീറ്റിംഗിനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി തടവിലാക്കുകയായിരുന്നു. അകാരണമായി കമ്പനി ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് രഞ്ജിത്ത് രവി മറ്റാരുടെയോ മൊബൈല്‍ ഫോണില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. താന്‍ നിരപരാധിയാണെന്നും ലീവ് വേണമെന്നും നാട്ടിലേക്ക് പോകണമെന്നുമുള്ള ആഗ്രഹം കൊണ്ടാണ് പ്രശ്നം വഷളായതെന്നും രഞ്ജിത്ത് ആവര്‍ത്തിച്ച് പറഞ്ഞു.

ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് കുറ്റസമ്മതം നടത്തണമെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു എന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ജയിലില്‍ കഴിയുന്ന 1500 പേരില്‍ താന്‍ മാത്രമാണ് ഇന്ത്യക്കാരനെന്നും രഞ്ജിത്ത് പറഞ്ഞു.സഹതടവുകാരില്‍ നിന്നും മര്‍ദ്ദനമുള്‍പ്പടെ നിരവധി പീഡനങ്ങള്‍ രഞ്ജിത്തിന് ഏല്‍ക്കേണ്ടി വന്നിരുന്നു. 2020 ഫെബ്രുവരിയിലാണ് പാലക്കാട് മേപ്പറമ്പ് സ്വദേശി രഞ്ജിത്ത് രവി അംഗോളയിലെ സ്വകാര്യ കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായി ജോലിയില്‍ പ്രവേശിച്ചത്.