ബൈക്കിൽനിന്ന് തെറിച്ചുവീണു ട്രക്ക് കയറി ​ഗർഭിണിക്ക് ദാരുണാന്ത്യം ; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഉത്തർപ്രദേശിലെ ആ​ഗ്രയിൽ ആണ് അത്യാഹിതം ഉണ്ടായത്. എട്ടു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ട് ട്രക്ക് കയറി മരിച്ചു. അപകടത്തെ തുടർന്ന് കുഞ്ഞ് യുവതിയുടെ ഉദരത്തിൽ നിന്നും പുറത്തുവന്നു.എന്നാൽ കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആഗ്രയിലെ ഫിറോസാബാദിൽ ഭർത്താവിനൊപ്പം ബൈക്കിൽ പോയ കാമിനി (26) എന്ന യുവതിയാണ് അപകടത്തിൽ മരിച്ചത്. കോട്‌ല ഫാരിഹയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിർദിശയിൽനിന്നു വന്ന കാറിൽ ഇടിക്കാതിരിക്കാൻ ഭർത്താവ് രാമു ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. അപകടത്തിൽ ബൈക്കിൽനിന്നു താഴെ വീണ കാമിനിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. ഗർഭപാത്രം പൊട്ടി കുഞ്ഞ് ജീവനോടെ പുറത്തുവന്നു.

അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ സിസിടിവി ക്യാമറകൾ പരിശോധിക്കുകയാണെന്നും ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും പൊലീസ് അറിയിച്ചു. ‘കുഞ്ഞ് പാൽ കുടിക്കുന്നുണ്ട്. മാസം തികയാതെയുള്ള പ്രസവമായതിനാൽ കുഞ്ഞിനു ഭാരം കുറവാണ്. അപകടത്തിൽ പൊക്കിൾക്കൊടി ഞെരുങ്ങി, വയറ്റിനു താഴെ ചെറിയ പരുക്കുണ്ട്. ചികിത്സ തുടരുകയാണ്.’– ഫിറോബാദ് മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എൽ.കെ.ഗുപ്ത പറയുന്നു . കു‌ട്ടിയുടെ രക്ഷപ്പെടൽ അത്ഭുതകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അപകടവാർത്തയറിഞ്ഞ് കാമിനിയുടെ അമ്മാവൻ കുഴഞ്ഞു വീണു മരിച്ചത് ദുരന്തത്തിന് ആക്കം കൂട്ടി.