ജലീല്‍ ശ്രമിച്ചത് തന്നെ ഉപയോഗിച്ച് യുഎഇ ഭരണാധികാരികളെ സുഖിപ്പിക്കാന്‍ ; സ്വപ്ന സുരേഷ്

അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമം എന്ന് സ്വപ്നാ സുരേഷ്. ജലീല്‍ മാത്രമല്ല പ്രോട്ടോക്കോള്‍ ലംഘിച്ചതെന്നും സ്വപ്ന പറഞ്ഞു.സ്വര്‍ണക്കടത്തിലും അതുമായി ബന്ധപ്പെട്ട കേസുകളിലും താന്‍ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന കെ ടി ജലീലിന്റെ വാദം തെറ്റാണെന്ന് സ്വപ്ന വ്യക്തമാക്കി. താന്‍ നല്‍കിയ സത്യവാങ്മൂലം ആവര്‍ത്തിച്ച് വായിച്ചാല്‍ കെ ടി ജലീലിന് ഇക്കാര്യം മനസിലാകുമെന്നും സ്വപ്ന പറഞ്ഞു. പ്രോട്ടോക്കോള്‍ ലംഘനം നടത്തിയത് കെടി ജലീല്‍ മാത്രമല്ല. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മന്ത്രിമാരായിരുന്ന കെടി ജലീലും കടകംപള്ളി സുരേന്ദ്രനും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ട്. കെടി ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി നിരവധി തവണ അടച്ചിട്ട മുറിയില്‍ സംസാരിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

മന്ത്രിയെ പ്രോട്ടോക്കോള്‍ പഠിപ്പിക്കേണ്ട ചുമതല തനിക്കാണെന്ന് അറിഞ്ഞിരുന്നില്ല. പ്രോട്ടോകോള്‍ ലംഘനം എല്ലാവരും നടത്തിയതാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ തെളിവുകള്‍ ശേഖരിക്കുകയാണ്. തന്റെ ഫോണില്‍ ഉണ്ടായിരുന്ന വിവരം എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള ഏജന്‍സികള്‍ നശിപ്പിച്ചു. ഇവയില്‍ പലതും ശേഖരിക്കാനുള്ള ശ്രമത്തിലാണ്. കെ ടി ജലീല്‍ തന്നോട് ചാറ്റ് ചെയ്തത് സ്‌പേസ് പാര്‍ക്കിലെ ജീവനക്കാരിയായിരിക്കെയാണ്. അല്ലാതെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പിഎ ആയിരിക്കുമ്പോഴല്ല. കെ ടി ജലീല്‍ താനുമായുള്ള വ്യക്തിപരമായ ബന്ധം മുതലാക്കുകയായിരുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്ക് കെടി ജലീല്‍ ഉത്തരം നല്‍കേണ്ടി വരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഗള്‍ഫിലെ മലയാളികളുടെ മരണത്തെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ പത്രസ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനായിരുന്നു ജലീലിന്റെ ശ്രമം. ജലീല്‍ എന്തും ചെയ്യാന്‍ കഴിയുന്നയാളായിരുന്നു. ഫിലോസഫിയില്‍ ഡോക്ടറേറ്റ് എടുത്ത ജലീലിന് എത്രത്തോളം ഇംഗ്ലീഷ് അറിയാമെന്ന് ഇന്നലെ മനസിലായി. താന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത് ഒന്നോ രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ച് വായിച്ച് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ജലീല്‍ ശ്രമിക്കണമെന്നും സ്വപ്ന പറയുന്നു.