പിണറായി വിജയന്‍ ഇടതുപക്ഷ മുഖമില്ലാത്ത മുഖ്യമന്ത്രി ; സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

പിണറായി വിജയന്‍ ഇടതുപക്ഷ മുഖമില്ലാത്ത മുഖ്യമന്ത്രി എന്ന് സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷത്തിന്റെ മുഖമല്ല. 42 വാഹനങ്ങളുടെ അകമ്പടിയിലാണ് പിണറായി വിജയന്റെ സഞ്ചാരം. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിക്ക് എന്തിനിത്ര ആര്‍ഭാടമെന്നും ഇത്രയധികം സുരക്ഷ എന്തിനെന്നും പ്രതിനിധികള്‍ ചോദിച്ചു.

കൂടാതെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരേയും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കാനം രാജേന്ദ്രന് കഴിയുന്നില്ല. ആനി രാജയ്‌ക്കെതിരെ എംഎം മണിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കാനം തിരുത്തല്‍ ശക്തിയായില്ല. പൊലീസില്‍ ആര്‍എസ്എസ് കടന്ന് കയറ്റത്തെ കുറിച്ച് പറഞ്ഞ ആനി രാജയെ ഒറ്റപ്പെടുത്തി. ഒടുവില്‍ സിപിഎമ്മിന് പോലും അത് സമ്മതിക്കേണ്ടി വന്നു. സില്‍വര്‍ ലൈന്‍ അടക്കം ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പോലും പാര്‍ട്ടി നിലപാടെടുക്കുന്നില്ല. എഐഎസ്എഫുകാര്‍ തല്ലു കൊള്ളുമ്പോഴെങ്കിലും കാനം വായ തുറക്കണമെന്നും ഒരു പ്രതിനിധി പരിഹസിച്ചു.

സി പി ഐ മന്ത്രിമാര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനം ഉണ്ടായി. കൃഷി വകുപ്പിലടക്കം മന്ത്രിമാരുടെ പ്രവര്‍ത്തനം ദയനീയമാണ്. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൃഷി വകുപ്പ് നോക്കുകുത്തിയാണ്. ഹോര്‍ട്ടി കോര്‍പ്പ് ഔട്ട്‌ലറ്റുകള്‍ കൂട്ടത്തോടെ പൂട്ടിപ്പോകുന്ന സ്ഥിതിയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.സി പി എമ്മിനെയും സി പി എം നേതാക്കളെയും പ്രതിനിധികള്‍ വെറുതേ വിട്ടില്ല. സര്‍ക്കാരില്‍ സി പി ഐയുടെ വകുപ്പുകള്‍ സി പി എം ഹൈജാക്ക് ചെയ്യുകയാണ്. ഇ പി ജയരാജനും എം എം മണിയും എ വിജയരാഘവനും രാഷ്ട്രീയ അന്ധത ബാധിച്ച നേതാക്കളാണ്. ഇപി ജയരാജനെ നിലക്ക് നിര്‍ത്താന്‍ സിപിഐ നേതൃത്വം ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നു. 365 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.