ജോലി വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; നാല് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റില്‍

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ റെയില്‍വേ ജീവനക്കാര്‍ കൂട്ട ബലാല്‍സംഗം ചെയ്തു. സ്റ്റേഷനിലെ റൂമില്‍ വെച്ച് രണ്ട് റെയില്‍വേ ജീവനക്കാര്‍ ചേര്‍ന്നാണ് യുവതിക്കു നേരേ അതിക്രമം കാട്ടിയത്. നാല് റെയില്‍വേ ജീവനക്കാരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ടുപേര്‍ റൂമിന് പുറത്ത് കുറ്റകൃത്യത്തിന് കാവല്‍ നില്‍ക്കുകയായിരുന്നു. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ എല്ലാവരും റെയില്‍വേയുടെ ഇലെക്ട്രിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിനോക്കുന്നവരാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ടാണ് കഴിയുകയാണ് യുവതി. വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും യുവതി പോലീസിനെ അറിയിച്ചു. ഏകദേശം രണ്ടു വര്‍ഷം മുന്‍പാണ് യുവതി ഒരു പൊതുസുഹൃത്തുവഴി പ്രതികളില്‍ ഒരാളുമായി സൗഹൃദത്തിലാകുന്നത്. അയാള്‍ താന്‍ റെയില്‍വേയിലാണ് ജോലിചെയ്യുന്നതെന്നും യുവതിക്ക് ഒരു ജോലി റെയില്‍വേയില്‍ തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഫോണില്‍ നിരവധി തവണ സംസാരിച്ചിട്ടുണ്ട്. മകന്റെ പിറന്നാളിന്റെയും പുതിയ വീടുവാങ്ങിയതിന്റെയും ആഘോഷത്തിന് എന്ന വ്യാജേന ജൂലൈ 21 ന് പ്രതി യുവതിയെ പ്രതി അയാളുടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച കീര്‍ത്തി നഗര്‍ മെട്രോ സ്റ്റേഷനില്‍ നിന്നും ഏകദേശം 1o:30 യോടെയാണ് യുവതിയെ പ്രതി പിക്ക് ചെയ്യുന്നത്. പിന്നീട് 8-9 പ്ലാറ്റ് ഫോമിലേക്ക് വരികയും ഇലെക്ട്രിക് കേടുപാടുകള്‍ പരിഹരിക്കുന്ന ജോലിക്കാരുടെ ചെറിയമുറിയില്‍ യുവതിയെ ഇരുത്തിയിട്ട് അയാള്‍ വെളിയില്‍ പോയി. ഒരു സുഹൃത്തിനേയും കൂട്ടി തിരിച്ചുവന്ന് പ്രതി മുറി അകത്തു നിന്നും പൂട്ടി. ഒരാള്‍ക്ക് പിന്നാലെ മറ്റൊരാളായി യുവതിക്കു നേരേ ലൈംഗീക അതിക്രമം നടത്തുകയായിരുന്നു. ആരും തന്നെ അവിടേക്ക് വരുന്നില്ലെന്ന് ഉറപ്പു വരുത്തുവാനായി മുറിക്കു പുറത്ത് നിന്നവരും അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട നാലു പ്രതികളേയും കീഴ് ക്കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.