കള്ളപ്പണവും അഴിമതിയും ; ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റില്‍
കള്ളപ്പണക്കേസില്‍ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റില്‍. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തും നടിയുമായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 21 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. റെയ്ഡ് ഇന്നും തുടരുകയാണ്. പശ്ചിമ ബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് 27 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ ED അറസ്റ്റ് ചെയ്തത്. അര്‍പിതയേയും ഇ ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഴിമതിയുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. പാര്‍ത്ഥ ചാറ്റര്‍ജിയുടെ സ്റ്റാഫംഗങ്ങളുടെയും ബന്ധുക്കളുടെയും വീടുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ഥയെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ന് രാവിലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ വെള്ളിയാഴ്ച്ച നടത്തിയ റെയ്ഡില്‍ 21 കോടി രൂപയ്ക്ക് പുറമേ, 50 ലക്ഷം രൂപയുടെ സ്വര്‍ണ-വജ്രാഭാരണങ്ങളും ഏകദേശം പത്തോളം വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതില്‍ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് പ്രൈമറി എജ്യുക്കേഷന്‍ മുന്‍ പ്രസിഡന്റ് മണിക് ഭട്ടാചാര്യ, എന്നിവരുടേതുള്‍പ്പെടെ പതിനൊന്നോളം കേന്ദ്രങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്. അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും കൂടാതെ 20 ല്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ ഫോണുകള്‍ എന്തിന് ഉപയോഗിച്ചതാണെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ഇഡി അറിയിച്ചു.