വഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കിളിമാനൂര്‍ : തന്റെ വീട്ടിലേക്കുള്ള വഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിന് പൊലീസുകാരില്‍ നിന്നും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. തലസ്ഥാനത്ത് പൊലീസ് അസോസിയേഷന്‍ സമ്മാളനത്തിനെത്തിയ പൊലീസുകാരാണ് റെയില്‍വേ ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. കോട്ടയം ചങ്ങനാശേരി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ നിവാസ്, സീനിയര്‍ സി പി ഒ ജിബിന്‍, ഡ്രൈവര്‍ പി പി പ്രശാന്ത് എന്നിവരെയാണ് കോട്ടയം എസ് പി സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവമുണ്ടായത്. കിളിമാനൂര്‍ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയില്‍ ചങ്ങനാശ്ശേരിയില്‍ നിന്നെത്തിയ മൂന്ന് പൊലീസുകാര്‍ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ബിവറേജസില്‍ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്നും മര്‍ദ്ദനത്തെ കുറിച്ച് അടുത്തുള്ള സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചെന്നും ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായെന്നും പരാതിക്കാരനായ രജീഷ് ആരോപിച്ചിരുന്നു.