ചെസ് മത്സരത്തിനിടെ ഏഴു വയസുകാരന്റെ കൈ വിരലൊടിച്ച് റോബോട്ട്

റഷ്യയിലാണ് സംഭവം . മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള ചെസ് മത്സരത്തിനിടെ റോബോട്ട് എതിരാളിയായ ഏഴ് വയസുകാരന്റെ വിരലൊടിച്ചതാണ് വാര്‍ത്ത. മത്സരത്തിനിടെ ക്രിസ്റ്റഫര്‍ എന്ന ഏഴ് വയസുകാരന്‍ ഊഴം തെറ്റിച്ച് കരുനീക്കാന്‍ ശ്രമിച്ചപ്പോഴാണ് റോബോട്ട് ഇടപെട്ടത്. ഈ മാസം 19നാണ് മത്സരം നടന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തന്റെ നീക്കം പൂര്‍ത്തിയാവുന്നതിനു മുന്‍പ് തന്നെ ക്രിസ്റ്റഫര്‍ അടുത്ത നീക്കത്തിനു ശ്രമിച്ചപ്പോള്‍ റോബോട്ട് കുട്ടിത്താരത്തിന്റെ കൈക്ക് മുകളിലേക്ക് തന്റെ കൈ എടുത്തുവെക്കുകയായിരുന്നു. കൈ തിരികെയെടുക്കാന്‍ കഴിയാതെ വേദന കൊണ്ടുപുളഞ്ഞ ക്രിസ്റ്റഫറിനെ രക്ഷിക്കാന്‍ സമീപത്തുള്ളവര്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. മത്സരത്തിന്റെ നിയമാവലി തെറ്റിച്ച് കുട്ടി കരു നീക്കാന്‍ തുനിഞ്ഞതാണ് പ്രശ്‌നമായതെന്ന് റഷ്യന്‍ ചെസ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സെര്‍ജി സ്മാഗിന്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി മനുഷ്യന്റെ മഹത്തായ കണ്ടുപിടുത്തമാണെങ്കിലും അത് തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന ചില വിലയിരുത്തലുകളുണ്ട്. നിര്‍മിത ബുദ്ധിയുടെ മൂര്‍ച്ച കൂട്ടുന്നതിലൂടെ മനുഷ്യന്‍ സ്വയം ശവക്കുഴി വെട്ടുകയാണെന്ന മുന്നറിയിപ്പാണ് പലരും നല്‍കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മിതബുദ്ധി മനുഷ്യരെ മറികടക്കുമെന്ന് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കിയത് 2020ലാണ്. അതൊക്കെ ഒരുവേള സത്യമാകും എന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

വീഡിയോ :