സിപിഎം ഓഫീസ് ഡിവൈഎഫ്‌ഐ അടിച്ചുതകര്‍ത്തു ; എകെജി സെന്റര്‍ ആക്രമണം ; പ്രതിക്കു സിപിഎം ബന്ധം

തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സിപിഎം പാര്‍ട്ടി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഇന്നലെ രാത്രിഅടിച്ചുതകര്‍ത്തത്. ഓഫീസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നാണ് വിവരം. ആക്രമിച്ചെന്ന പരാതിയുമായി ഇരുകൂട്ടരും വട്ടിയൂര്‍ക്കാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.

അതിനിടെ എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിക്കു സിപിഎം ബന്ധം എന്ന് ആരോപണം. പ്രതിക്കും സഹായിക്കും ഉള്ള സി പി എം ബന്ധത്തിന്റെ പേരില്‍ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചെന്നു സൂചന. സെന്ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരന്‍ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങള്‍ ഉയര്‍ന്നിട്ടും ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിര്‍ത്തിയെന്നാണ് ആക്ഷേപം. അന്വേഷണം ബോധപൂര്‍വ്വം വഴി തിരിച്ചവിട്ട ശേഷം ക്രൈം ബ്രാഞ്ചിനു കൈമാറി എന്നാണ് ഉയരുന്ന വിവരം.

എകെജി സെന്റര്‍ ആക്രമണം നടന്നു രണ്ടാം ദിവസം തന്നെ പോലീസിന് വ്യക്തമായ സൂചനകള്‍ കിട്ടിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം . ജൂണ്‍ മൂപ്പതിന് രാത്രി 11.23 നും 11.24 നും ഇടയിലായിരുന്നു എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററില്‍ നിന്നും പുറത്തു വിട്ട സിസിടിവി ദൃശ്യത്തിന് പുറമേ വ്യക്തമായ സിസിടിവി ദൃശ്യം കൂടി ഉണ്ടായിരുന്നു. അതില്‍ നിന്നും സംശയ മുന എത്തിയത് തട്ടുകടക്കാരനിലേക്കാണ്. സംഭവം നടന്ന രാത്രി 10 50 നും 11. 30 നും ഇടയില്‍ ഏഴ് തവണയാണ് ഇയാള്‍ എകെജി സെന്ററിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്‌കൂട്ടറോടിച്ചത്.

തട്ടുകടയിലേക്ക് വെള്ളമെടുക്കാനാണ് പോയതെന്നാണ് ഇയാള്‍ പോലീസിനോട് വിശദീകരിച്ചത് എന്നാല്‍ ഈ സ്‌കൂട്ടറില്‍ വെള്ളത്തിന്റെ ക്യാന്‍ ഉണ്ടായിരുന്നത് ഒരു തവണ മാത്രമാണെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. മാത്രമല്ല സ്‌ഫോടനം നടന്നതിന് പിന്നാലെ ഇയാള്‍ എകെജി സെന്ററിന് മുന്നിലൂടെ കടന്നു പോയെങ്കിലും പൊലീസും ആള്‍ക്കൂട്ടവും ഉണ്ടായിട്ടും തിരിഞ്ഞു നോക്കുന്നില്ല. .

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇയാള്‍ സ്‌ഫോടക വസ്തു മറ്റൊരാള്‍ക്ക് എത്തിച്ച് നല്‍കി അയാള്‍ എറിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിയത്. പക്ഷെ തട്ടുകടക്കാരന്റ പ്രാദേശിക സിപിഎം ബന്ധം തിരിച്ചറിഞ്ഞതോടെ ആ വഴിക്കുള്ള അന്വേഷണം നിര്‍ത്താന്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചു എന്നാണ് വിവരം. തട്ടുകടക്കാരന്റെ ഫോണ്‍ രേഖ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനക്ക് വിടാതെ ഒളിപ്പിച്ചു.

തട്ടുകടക്കാരനിലേക്കും സുഹൃത്തിലേക്കും പോകാതെ ഡിയോ സ്‌കൂട്ടറിന്റെയും പടക്കക്കാരുടെയും പിന്നാലെ പോയി അന്വേഷണം വഴി മാറി ഇഴഞ്ഞു നീങ്ങി. ഇതിനെല്ലാം ഇടയില്‍ എകെജി സെന്ററിന് കാവലുണ്ടായുന്ന ഏഴ് പോലീസുകാരില്‍ അഞ്ച് പേരും സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സന്‍മരയ്ക്കാര്‍ ഹാളിന് മുകളില്‍ കിടന്നുറങ്ങുകയായിരുന്നെന്നും വിവരമുണ്ട്. പ്രതി എന്ന് സംശയിക്കുന്ന ആളുകളുടെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് വിട്ടു കളഞ്ഞു.

കൈയകലത്ത് നിര്‍ണായക തെളിവുകളുണ്ടായിട്ടും മൊഴിയെടുക്കാനും തെളിവുകള്‍ ശേഖരിക്കാനും പൊലീസിന് തടസ്സമെന്താണ് ? ഭരിക്കുന്ന പാര്ട്ടിയുടെ സംസ്ഥാന കാര്യാലയത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ ഇരുട്ടത്ത് തുടരുന്നത് ആരുടെ താല്‍പര്യപ്രകാരമാണ്? എകെജി സെന്റര്‍ ആക്രമണ കേസില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങള്‍ ഏറെയാണ്. അതേസമയം പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് വരുത്തി തീര്‍ക്കാര്‍ ആണ് സി പി എം നേതാക്കള്‍ ശ്രമിച്ചതും. ആക്രമണത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടിരുന്നു.