കൊലപാതകം അല്ല ; പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലം
കണ്ണൂര്‍ പിണറായി പാനുണ്ടയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ജിംനേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാനുണ്ടയില്‍ സിപിഎം – ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി പ്രവര്‍ത്തകനായ സഹോദരനെ പരിചരിക്കാനെത്തിയതായിരുന്നു ജിംനേഷ്. പാനുണ്ടയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍ സി പി എം ആക്രമണത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചത് എന്നാണ് ആര്‍ എസ് എസ് ആരോപിച്ചത്. സംഭവ സ്ഥലത്ത് ജിമ്‌നേഷിനും മര്‍ദനമേറ്റിരുന്നതായും ഇതാണ് മരിക്കാന്‍ കാരണമായത് എന്നും ബി ജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപണം ഉന്നയിച്ചിരുന്നു.