വീണ്ടും ദുരഭിമാനക്കൊല ; തമിഴ് നാട്ടില്‍ പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും പിതാവ് വെട്ടിക്കൊന്നു

തമിഴ്‌നാട് തൂത്തുക്കുടി കോവില്‍ പട്ടിക്കടുത്താണ് സംഭവം. പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി വീരപ്പട്ടി എന്ന ഗ്രാമത്തിലെ രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പെണ്‍കുട്ടിയുടെ പിതാവ് മുത്തുക്കുട്ടി വൈകിട്ട് പൊലീസ് പിടിയിലായി.ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് രേഷ്മ. പ്രദേശത്തുതന്നെയുള്ള മണികരാജും രേഷ്മയും ഏതാനം ദിവസം മുമ്പാണ് വിവാഹിതരായത്.

കൂലിപ്പണിക്കാരനായ വടിവേലിന്റെ മകന്‍ മണികരാജുമായുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛന്‍ മുത്തുക്കുട്ടി ശക്തമായി എതിര്‍ത്തിരുന്നു. രണ്ട് ദിവസം മുമ്പ് ഇരുവരും കോവില്‍പ്പട്ടിയില്‍ തിരികെയെത്തിയപ്പോള്‍ തന്നെ രേഷ്മയുടെ വീട്ടുകാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. നാട്ടുപഞ്ചായത്ത് ഇടപെട്ട് പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മുത്തുക്കുട്ടി വൈരാഗ്യം തീരാതെ ഇന്ന് വൈകിട്ട് വീട്ടിലെത്തി മകളെയും ഭര്‍ത്താവിനേയും വെട്ടിക്കൊല്ലുകയായിരുന്നു. വിവാഹത്തെ ചൊല്ലി അന്ന് വീണ്ടും രേഷ്മയുടെ വീട്ടുകാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. നാട്ടുപഞ്ചായത്ത് വിളിച്ച് ചേര്‍ത്ത് പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുത്തുക്കുട്ടിയുടെ വൈരാഗ്യം അവസാനിച്ചിരുന്നില്ല. ഇന്ന് വൈകിട്ട് ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെത്തിയ മുത്തുക്കുട്ടി മകളെയും ഭര്‍ത്താവിനേയും കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു അരിവാളുമായി വന്ന മുത്തുക്കുട്ടി ആക്രമിച്ചത്.