പിണറായിയും ശ്രീറാം വെങ്കിട്ടരാമനും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കെ.എം ബഷീറിന്റെ സഹോദരന്‍

വിവാദ നായകന്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ സഹോദരന്‍. പിണറായി സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന ഗുരുതര ആരോപണമാണ് കെ.എം ബഷീറിന്റെ സഹോദരന്‍ ഉന്നയിക്കുന്നത്. സര്‍ക്കാരും പ്രതി ശ്രീറാം വെങ്കിട്ടരാമനും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കളക്ടറാക്കിയ ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി ഒരു മണിക്ക് നടന്ന അപകടത്തില്‍ 7 മണിക്കാണ് എഫ്‌ഐആര്‍ ഇടുന്നത്. അതില്‍ത്തന്നെ ദുരൂഹതയുണ്ട്. രക്ത സാമ്പിള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും പ്രതിയെ കിംസിലാണ് കൊണ്ടുപോയത്. ഇത് അന്വേഷണം വൈകിപ്പിക്കാന്‍ വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടാണ് ഇപ്പോള്‍ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനും തമ്മിലുള്ള ഒത്തുകളിയാണ്. മുഖ്യമന്ത്രിയെ ഇനിയും കാണണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശ്രീറാം വെങ്കിട്ടരമാനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കാന്തപുരം വിഭാഗം. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാറിനെതിരെ തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് കാന്തപുരം വിഭാഗം സംഘടനയായ കേരള മുസ്ലിം ജമാഅത്ത് അറിയിച്ചു. ഇന്ന് ചേര്‍ന്ന സംഘടനാ സംസ്ഥാന ക്യാബിനറ്റ് യോഗമാണ് പ്രക്ഷോഭത്തിന് തീരുമാനമെടുത്തത്. കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ക്രിമിനല്‍ പ്രതിയെ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം. മദ്യപിച്ച് ലെക്ക് കെട്ട് എല്ലാ നിയമങ്ങളെയും അവഗണിച്ച് വാഹനമോടിച്ചാണ് പ്രതി കെ എം ബഷീറിനെ കൊലപ്പെടുത്തിയത്. നിയമ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഉന്നത ഭരണത്തിലിരിക്കുന്നയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹത്തിന് ജില്ലയിലെ നിയമ കാര്യങ്ങളില്‍ ഇടപെടാവുന്ന അധികാരം എന്തിന്റെ പേരിലായാലും നല്‍കുന്നത് അനുചിതവും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ് എന്നാണ് പൊതുവെ ഉയരുന്ന ആരോപണം.

ഇന്ന് ആലപ്പുഴ ജില്ലാ കലക്ടറേറ്റിലേക്ക് കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം. കാന്തപുരം വിഭാഗം മുഖപത്രമായ സിറാജിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരിക്കെയാണ് കെ എം ബഷീര്‍, ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. പക്ഷെ കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ സസ്പെന്‍ഷനിലായ ശ്രീറാമിനെ സര്‍ക്കാര്‍ തിരിച്ചെടുത്തു. ഏറ്റവും ഒടുവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരിക്കെയാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമനം നല്‍കിയത്.