ഓണം ബമ്പര്‍ ലോട്ടറി ; ആദ്യ ബമ്പര്‍ അടിച്ചത് സര്‍ക്കാരിന് ; ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റത് 10.5 ലക്ഷം ടിക്കറ്റ്

25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റു കാരണം ബമ്പര്‍ അടിച്ചത് സര്‍ക്കാരിന്. പുറത്തിറങ്ങി ഒരാഴ്ചക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടിക്കറ്റ് വില്‍പന തുടങ്ങിയത്. തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റത്. ഫ്‌ലൂറസന്റ് മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുകളിലാണ് ടിക്കറ്റുകള്‍. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബമ്പര്‍ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് സമ്മാനത്തുകയാണ് ഇത്തവണ.

തിരുവോണം ബമ്പര്‍ 2022 ന്റെ സമ്മാനതുകയും ടിക്കറ്റിന്റെ വിലയും വര്‍ധിപ്പിക്കാന്‍ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നൂറ് ശതമാനത്തില്‍ അധികം സമ്മാനതുകയും 70 ശതമാനത്തോളം ടിക്കറ്റിന്റെ വില വര്‍ധിപ്പിക്കാനുമായിരുന്നു ലോട്ടറി വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നിലവില്‍ കേരളത്തില്‍ ഏഴ് പ്രതിദിന ലോട്ടറികളുണ്ട്, വിന്‍-വിന്‍, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മ്മല്‍, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വര്‍ഷവും ഉത്സവങ്ങളോടും പുതുവര്‍ഷത്തോടും ചേര്‍ന്ന് ആറ് ബമ്പര്‍ ലോട്ടറികളുണ്ട്. പ്രതിദിന ടിക്കറ്റ് നിരക്ക് നിലവിലെ 40 രൂപയില്‍ നിന്ന് 50 രൂപയാക്കുന്നത് സംബന്ധിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വില വര്‍ധിപ്പിക്കണമെന്നാണ് ഒരു വിഭാഗം ഏജന്റുമാരുടെ ആവശ്യം. നിലവില്‍ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നത് എറണാകുളത്ത് കാക്കനാട്ടുള്ള കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയിലും തിരുവനന്തപുരത്തെ സി-എപിടിയിലുമാണ്. കൂടുതല്‍ ഏജന്‍സിയെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മദ്യം കഴിഞ്ഞാല്‍ സര്‍ക്കാരിന്റ വരുമാനത്തിലെ മുഖ്യ ഘടകമാണ് ലോട്ടറി.