യു കെ യിലേക്ക് പോകാന്‍ ശ്രമം ; സി എസ് ഐ ബിഷപ്പിനെ വിമാനത്താവളത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ തടഞ്ഞു

സി എസ് ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്നതിനിടെ യുകെയിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് ബിഷപ്പിനെ തടഞ്ഞത്. കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ വിദേശത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം അവഗണിച്ചായിരുന്നു യാത്ര. വിദേശ യാത്ര വിലക്ക് ഉള്ള വ്യക്തിയാണ് ഇദ്ദേഹം. നാളെ കൊച്ചിയില്‍ ഹാജരാകാന്‍ ബിഷപ്പിനു നിര്‍ദേശം നല്‍കി.

വിദേശ യാത്രാവിലക്ക് അവഗണിച്ചാണ് ബിഷപ് ധര്‍മ്മരാജ് റസാലം യുകെയിലേക്ക് പോകാനെത്തിയത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ബിഷപ്പിനെ പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനും ബിഷപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ രാത്രി യുകെയിലേക്ക് പോവാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ ഡി തടയുകയായിരുന്നു.

സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.