രാഹുല്‍ ഗാന്ധി അറസ്റ്റില്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി അറസ്റ്റില്‍. വിജയ് ചൗക്കില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടാതെ കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ,ബെന്നി ബഹനാന്‍, വി കെ ശ്രീകണ്ഠന്‍, ആന്റ്‌റോ ആന്റണി, എംകെ രാഘവന്‍,ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരെ കിംഗ്‌സ് വേ പൊലീസും കസ്റ്റഡിയിലെടുത്തു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. രാവിലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എംപിമാരും പ്രതിഷേധിക്കുകയാണ്. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്ഘട്ടില്‍ പ്രതിഷേധിക്കാന്‍ ദില്ലി പൊലീസ് അനുമതി നല്‍കിയില്ല.

തുടര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ബാരിക്കേഡുകള്‍ മറികടന്ന് എംപിമാര്‍ എത്തി. തുടര്‍ന്ന് പൊലീസും എംപിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രമ്യ ഹരിദാസ് എംപിയെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. വിജയ് ചൗക്കില്‍ സംഘര്‍ഷ സാഹചര്യമാണ് ഉള്ളത്. കോണ്‍ഗ്രസ് എംപിമാരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.

അതേസമയം കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ലോക്‌സഭയില്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ എംപിമാര്‍ പ്‌ളക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലേക്ക് നീങ്ങി. ജിഎസ്ടി വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ബഹളം കാരണം ലോക്‌സഭ രണ്ടു മണിവരെ നിറുത്തി വച്ചു. രാജ്യസഭിലും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. മുദ്രാവാക്യം മുഴക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന മുന്നറിയിപ്പ് ഉപാദ്ധ്യക്ഷന്‍ ഹരിവംശ് നല്കി.