കടമെടുക്കാന്‍ നിയന്ത്രണം കൊണ്ടുവരരുത് ; കേന്ദ്രത്തിന് കത്തയച്ച് കേരളം
കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. കിഫ്ബി വായ്പകളും പെന്‍ഷന്‍ കമ്പനി വായ്പകളും പൊതുകടത്തില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് സിഎജി ആവര്‍ത്തിച്ചതോടെയാണ് സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. വായ്പയെടുക്കാനുള്ള അവകാശത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളെ ഹനിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കത്തില്‍ കുറിച്ചു. ഈ മാസം 22ന് ആണ് കത്തയച്ചത്.
സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്ന കിഫ്ബി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വായ്പകളെ പൊതുകടത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകില്ല. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യത്തിലേക്ക് കടന്നുകയറാനാകില്ലെന്നും കത്തിലുണ്ട്. കേന്ദ്ര ഗ്രാന്‍ഡും, ജിഎസ്ടി നഷ്ടപരിഹാരവും കൂടി ഇല്ലാതാകുന്നതോടെ സംസ്ഥാനം ഞെരുക്കത്തിലാകുമെന്നും അതുകൊണ്ട് തന്നെ വായ്പാ പരിധി കുറയ്ക്കുന്നത് അനുവദിക്കാനാകില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്. സിഎജിക്ക് ഓഡിറ്റിംഗിനുള്ള അധികാരം മാത്രമേയുള്ളൂ എന്നും ധനമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേന്ദ്രത്തെ കേരളം കടുത്ത പ്രതിഷേധം അറിയിക്കുന്നതിനിടെ കിഫ്ബി വായ്പകളെ ബജറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന തരത്തില്‍ ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ അഭിപ്രായം പുറത്തുവന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്നതായി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരള ഇക്കോണമി എന്ന പ്രസിദ്ധീകരണത്തിലെ ലേഖനത്തിലാണ് ധനകാര്യ സെക്രട്ടറി ഈ അഭിപ്രായം പങ്കുവച്ചത്. ഭക്ഷ്യ സബ്‌സിഡിയെ കേന്ദ്രം ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാണിച്ചാണ് സെക്രട്ടറി ഈ നിലപാടിനെ ന്യായീകരിക്കുന്നത്.
കിഫ്ബി, പെന്‍ഷന്‍ വായ്പകളെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നിനുള്ള സാധ്യതകള്‍ പരിശോധിക്കാവുന്നതാണെന്നും അങ്ങനെ യാഥാര്‍ത്ഥ ബാധ്യതകളെ കൂടുതല്‍ സുതാര്യമായി അവതരിപ്പിക്കാവുന്നതാണെന്നുമാണ് രാജേഷ് കുമാര്‍ സിംഗിന്റെ വാദം. അതേസമയം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഈ കത്തിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ സംസ്ഥാനത്തിന്റെ നിലനില്‍പ് തന്നെ കടം വാങ്ങലിലൂടെയാണ് മുന്നോട്ട് പോകുന്നത്.