ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ കേസ് നടപടികള്‍ വൈകുന്നത് എന്തെന്ന് ഹൈക്കോടതി . വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജി നമ്പരിടാന്‍ കോടതി ഉത്തരവിട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസല്ലേ ഇതെന്നും കോടതി ചോദിച്ചു. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കണമന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.ആന്റണി രാജുവിന് എതിരായ കേസിലെ വിചാരണ നടപടികള്‍ വൈകുന്നത് ഹൈക്കോടതി ഗൗരവത്തോടെ കാണുന്നു എന്നാണ് ഇന്നത്തെ നടപടികളില്‍നിന്ന് വ്യക്തമാകുന്നത്.
ഹര്‍ജിയില്‍ ഹൈക്കോടതി രജിസ്ട്രി നമ്പര്‍ ഇട്ടിരുന്നില്ല. മൂന്നാം കക്ഷിക്ക് ഈ കേസില്‍ ഇടപെടാന്‍ കഴിയുമോ എന്ന തര്‍ക്കമായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭാഭാഷകനും ആവര്‍ത്തിച്ചു. എന്നാല്‍ ഈ വാദം ഹര്‍ജിക്കാരനായ ജോര്‍ജ് വട്ടുകളുത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. ഹര്‍ജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി നമ്പറിട്ട് നല്‍കാന്‍ ജസ്റ്റിസ് സിയാദ് റഹ്മാന്‍ നിര്‍ദേശിച്ചു. കേസില്‍ എന്തുകൊണ്ട് വിചാരണ വൈകുന്നുവെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
വര്‍ഷങ്ങള്‍ പഴക്കമുള്ള കേസല്ലേയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. നേരത്തെ, കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചിരുന്നു. നെടുമങ്ങാട് കോടതിയില്‍ നിന്നാണ് കേസിനാസ്പദമായ ഫയലുകള്‍ വിളിപ്പിച്ചത്. 16 വര്‍ഷമായി വിചാരണ വൈകിയ കേസില്‍ മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടല്‍. ലഹരിമരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് കേസ്. 2014 ഏപ്രില്‍ 30നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് നാലിന് കേസ് 23ാം തവണ പരിഗണിക്കുമ്പോള്‍ ആന്റണി രാജു മന്ത്രിയാണ്.