തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ ആത്മഹത്യ തുടരുന്നു ; രണ്ടാഴ്ചയ്ക്കുള്ളില്‍ ജീവന്‍ അവസാനിപ്പിച്ചത് 5 കുട്ടികള്‍
തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ ആത്മഹത്യ തുടരുന്നു. രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസാണ് ഇത്. ശിവഗംഗയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തുകയായിരുന്നു. കണക്ക്, ബയോളജി വിഷയങ്ങള്‍ ബുദ്ധിമുട്ടേറിയതിനിലാണ് ആത്മഹത്യ എന്നാണ് ആത്മഹത്യാ കുറിപ്പിലെഴുതിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാകുറിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും പെണ്‍കുട്ടി കഠിനമായ വയറുവേദന അനുഭവിച്ചിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലസ് ടു വിദ്യാര്‍ഥിനികളും ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാര്‍ഥിനികളാണ് തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.
കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭ്യര്‍ത്ഥിച്ചു. കുട്ടികളെ ലൈംഗിക, മാനസിക, ശാരീരിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.