സാമ്പത്തിക ഞെരുക്കത്തിന് ഇടയിലും പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂട്ടി മന്ത്രിമാര്‍
സംസ്ഥാനം കനത്ത സാമ്പത്തിക പ്രശ്‌നത്തില്‍ ഉലയുന്ന സമയത്തും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനം തുടരുന്നു. പൊതുമരാത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് അഞ്ച് പേഴ്സണല്‍ സ്റ്റാഫുകളെ കൂടി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. മുന്‍മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന അഞ്ച് പേരെയാണ് മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത്. സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ഉറപ്പാക്കാന്‍ വേണ്ടിയാണ് പുതിയ നിയമനമെന്നാണ് ആക്ഷേപം. ഒരു വര്‍ഷത്തെ സര്‍വീസ് മാത്രമാണ് സജി ചെറിയാന്റെ സ്റ്റാഫിനുണ്ടായിരുന്നത്. രണ്ട് വര്‍ഷം സര്‍വീസുള്ളവര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്.
പുതിയ നിയമനത്തോടെ മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 30 ആയി ഉയര്‍ന്നു. സജി ചെറിയാന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി വി സൈനന്‍, ക്ലര്‍ക്ക് ആയിരുന്ന കെ സവാദ്, സഞ്ജയന്‍ എം ആര്‍,ഓഫിസ് അറ്റന്റന്റുമാരായ വിഷ്ണു പി, വിപിന്‍ ഗോപിനാഥ് എന്നിവരെയാണ് റിയാസിന്റെ സ്റ്റാഫിലേക്ക് മാറ്റിയത്. സജി ചെറിയാന്റെ സ്റ്റാഫിലെ അഞ്ച് പേരെ മന്ത്രി വി അബ്ദുറഹ്മാന്റെ വകുപ്പിലേക്കും മാറ്റി. സജി ചെറിയാന്റെ സ്റ്റാഫിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃവകുപ്പിലേക്ക് മടങ്ങും. ഈ മാസം 23നാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. നിയമനത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു.ഇതോടെ വി.എന്‍.വാസവന്റെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. റിയാസിന്റെ സ്റ്റാഫില്‍ 29 പേരുമായി. എന്നാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എല്‍ഡിഎഫ് നയം. പുതുതായി നിയമിച്ചവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്.
സജി ചെറിയാന്‍ രാജിവച്ചതിനു പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. ഇവരെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് നിയമിച്ച കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. പേഴ്‌സനല്‍ സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം നേരത്തെ ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ ഉള്‍പ്പെടെ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിട്ടവര്‍ക്ക് വീണ്ടും നിയമനം നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവുമധികം ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ധനമന്ത്രിയുടെ ഓഫീസാണ്. ധനമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ പോലും 19 പേരേയുള്ളൂവെന്നിരിക്കെയാണ് മറ്റു മന്ത്രിമാരുടെ സ്റ്റാഫില്‍ കൂടുതല്‍ പേരെ നിയമിച്ചിരിക്കുന്നത്.