പെരുമ്പാവൂരില്‍ ഇരുനില വീട് ഭൂമിക്ക് അടിയിലേക്ക് ഇടിഞ്ഞുതാണു ; പതിമൂന്നുകാരന്‍ മരിച്ചു
പെരുമ്പാവൂര്‍ : കീഴില്ലത്ത് ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നുണ്ടായ അപകടത്തില്‍ പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം അമ്പലംപടിയിലാണ് സംഭവം. സൗത്ത് പരിത്തേലിപ്പടി. വളയന്‍ചിറങ്ങര കാവില്‍തോട്ടം ഇല്ലമാണ് മണ്ണിന് അടിയില്‍ പെട്ടത്. താഴത്തെ നില പൂര്‍ണ്ണമായും അടിയില്‍ പെട്ടു. ഏഴ് അംഗങ്ങളുള്ള കുടുംബത്തില്‍ ഹരിനാരായണന്‍ എന്ന കുട്ടിയാണ് മരിച്ചത്.അപകടം നടക്കുമ്പോള്‍ ആറുപേരാണ് വീട്ടിലുണ്ടായിരുന്നത്. നാരയണന്‍ നമ്പൂതിരി (87), കൊച്ചുമകന്‍ ഹരിനാരായണന്‍ നമ്പൂതിരി (13) എന്നിവര്‍ വീടിനകത്ത് കുടുങ്ങി പോകുകയായിരുന്നു. ഹരിനാരായണന്‍ അടക്കം രണ്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. രാവിലെ ഏഴു മണിയോടെ വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴ്ന്നത്. താഴത്തെ നിലയുടെ ഒരു മീറ്റര്‍ ഒഴികെ ബാക്കി ഭാഗം പൂര്‍ണമായും മണ്ണിനടിയിലാണ്.
നാരയണന്‍ നമ്പൂതിരിയുടെ മകന്‍ ഈശ്വരന്‍ നമ്പൂതിരി അടക്കം നാലുപേര്‍ വീടിന് പുറത്തായിരുന്നു. മകള്‍ ദേവിക ഇരുനില വീടിന്റെ ടെറസിലും. മൂന്നു ജെസിബി എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു ജെസിബി ഉപയോഗിച്ച് ഇടിഞ്ഞു താഴ്ന്ന വീടിന്റെ ബാക്കി ഭാഗം താങ്ങി നിര്‍ത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാരായണന്‍ നമ്പൂതിരി കട്ടിലില്‍ കിടക്കുകയായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. കൊച്ചുമകന്‍ ഹരി നാരായണന്‍ നമ്പൂതിരി സെറ്റിയില്‍ ഇരിക്കുന്ന രീതിയിലുമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇരുവരെയും പുറത്തെടുത്തു രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിനാരായണന്റെ ജീവന്‍ രക്ഷിക്കാനായില്ല. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.