നടിയെ ആക്രമിച്ച കേസ് ; നടിക്കും മുന്‍ ഭാര്യക്കുമെതിരെ ദിലീപ് കോടതിയില്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു. അതെ സമയം അപേക്ഷയില്‍ അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. കേസില്‍ തുടരന്വേഷണ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം. തെളിവ് നശിപ്പിച്ച സംഭവത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്.
കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂര്‍ത്തിയാകില്ലെനായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. അങ്കമാലി മജിസ്‌ടേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയപ്പോള്‍ അഭിഭാഷകര്‍ പ്രതിപട്ടികയിലോ സാക്ഷിപട്ടികയിലോ ഉണ്ടായിരുന്നില്ല. എന്നാല്‍, അഭിഭാഷകര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയല്ലെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രം പറയുന്നത്. ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴിയില്‍ അഭിഭാഷകരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഫോണുകളിലെ തെളിവ് നീക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 4 അഭിഭാഷകര്‍ ഫോണുമായി മുംബൈയിലേക്ക് പോയതിനും തെളിവുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കുറ്റപത്രം പറയുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുള്ള മെക്കറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിലുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് കോടതി കസ്റ്റഡിയിലിരിക്കെ വിവോ ഫോണിലിട്ട് പരിശോധിച്ച സംഭവത്തില്‍ അന്വേഷണം നിലച്ചു. അന്വേഷണം നടത്തണ്ടത് കോടതിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ദൃശ്യം താന്‍ പരിശോധിച്ചില്ലെന്ന് വിചാരണ കോടതി പറഞ്ഞ സാഹചര്യത്തില്‍ വിവോ ഫോണ്‍ ഉടമ ആരെന്നറിയാന്‍ അതിജീവിത ഉടന്‍ കോടതിയെ സമീപിച്ചേക്കും. എഫ്എസ്എല്‍ റിപ്പോര്‍ട്ട് അനുസരിച്ച് വിവോ ഫോണ്‍ എന്ന് മാത്രമാണ് കണ്ടെത്തിയതെന്നും കോടതി കസ്റ്റഡിയില്‍ ദൃശ്യം പരിശോധിച്ചതില്‍ കോടതി ഉത്തരവില്ലാതെ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ച് സ്വീകരിക്കുന്ന നിലപാട്.
എന്നാല്‍ വിവോ ഫോണ്‍ ആണെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ചിന് അതിന്റെ ഉടമസ്ഥന്‍ ആരാണെന്ന് കണ്ടെത്താന്‍ എളുപ്പം സാധ്യമാകുമെന്നും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാത്തില്‍ ദുരൂഹതയുണ്ടെന്നും സൈബര്‍ വിദഗ്ധരും പറയുന്നു. സംഭവത്തില്‍ മെല്ലെപ്പോക്ക് തുടരുന്നതിനിടെ ഫോണ്‍ ഉപയോഗിച്ച് ദൃശ്യം പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് അതിജീവിത.