മന്ത്രി ആന്റണി രാജു പ്രതിയായ മോഷണ കേസ് ; വിചാരണ വൈകുന്നതിനെ ന്യായീകരിച്ച് സര്‍ക്കാര്‍
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മോഷണ കേസില്‍ വിചാരണ വൈകുന്നതിനെ ന്യായീകരിച്ച് സര്‍ക്കാര്‍ കോടതിയില്‍. ആന്റണി രാജുവിന്റെ കേസ് മാത്രമല്ല, അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നും ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍ സ്വകാര്യഹര്‍ജികള്‍ പരിഗണിക്കരുതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. ഇരകള്‍ക്കും പ്രതികള്‍ക്കുമാണ് ഇത്തരം കേസുകളില്‍ ഹര്‍ജി നല്‍കാന്‍ സാധിക്കുകയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇത്തരം ഹര്‍ജികള്‍ വരുമ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
പല കേസുകളിലും മൂന്നാംകക്ഷി ഇടപെടല്‍ ഉണ്ടായിട്ടുണ്ടന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇത് പോലെ അനേകം കേസുകള്‍ വരും എന്ന് പ്രോസിക്യൂഷന്‍ എതിര്‍വാദം ഉന്നയിച്ചു. അതിനിടെ കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാട്ടിയെന്ന കേസിന്റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടങ്ങാത്തതിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ വിചാരണകോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കും. മൂന്നാം കക്ഷിക്ക് മറ്റ് താല്‍പ്പര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ അവഗണിക്കാനാകുമോയെന്നും വാദത്തിനിടെ കോടതി ചോദിച്ചു.വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്ന് പരിശോധിക്കാം എന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി 2ആഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയോടാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. 16 വര്‍ഷം പൂര്‍ത്തിയായിട്ടും വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഒരു തവണ പോലും ആന്റണി രാജു കോടതിയില്‍ ഹാജരായില്ല. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് 24നു ലഭിച്ചു. മയക്കുമരുന്ന് കേസ് പ്രതിയെ സഹായിച്ചെന്നാണ് കേസ്. തൊണ്ടിയായി പിടിച്ച അടിവസ്ത്രം വെട്ടിച്ചെറുതാക്കി പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നാണ് ആരോപണം. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 28 വര്‍ഷം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 16 വര്‍ഷം മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചു. അതിനു ശേഷം 22 തവണ കേസ് വിളിച്ചു. എന്നാല്‍ ഒരു തവണ പോലും ആന്റണി രാജു ഹാജരായില്ല.