ബ്ലേഡ് പലിശക്കാരന്റെ ഭീഷണി ; വ്‌ലോഗര്‍ ജീവനൊടുക്കി

ബ്ലേഡ് പലിശക്കാരന്റെ ഭീഷണി തുടര്‍ന്ന് വ്‌ലോഗറായ ബുട്ടീക് ഉടമ ആത്മഹത്യ ചെയ്തു. കാക്കനാട് കിഴക്കേക്കര വീട്ടില്‍ അബ്ദുള്‍ ഷുക്കൂറി(49)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സബ് ജയില്‍ റോഡിലെ ടൂറിസ്റ്റ് ഹോമില്‍ ബുധനാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. രണ്ടു ദിവസം മുന്‍പ് ഷുക്കൂര്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്. മൃതദേഹത്തിനടുത്ത് നിന്ന് നാല് സെറ്റ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചെമ്പുമുക്ക് സ്വദേശിയായ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെക്കുറിച്ചാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

അഞ്ചു വര്‍ഷം മുന്‍പ് അഞ്ചു ലക്ഷം രൂപ ചെമ്പുമുക്ക് സ്വദേശിയില്‍ നിന്ന് ഷുക്കൂര്‍ കടം വാങ്ങിയിരുന്നു. ഇതിന് പ്രതിമാസം 25,000 രൂപ വീതം ഇതുവരെ 15 ലക്ഷം രൂപ പലിശ സഹിതം നല്‍കിയതായി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. മുതലും പലിശയും നല്‍കിയ ശേഷവും കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. കലക്ടര്‍ക്കും പൊലീസ് കമ്മീഷണര്‍ക്കും ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് നാല് കത്ത് തയാറാക്കി വെച്ചിരുന്നത്. ഇയാള്‍ ‘ഞാന്‍ ഒരു കാക്കനാടന്‍’ എന്ന പേരില്‍ യൂട്യൂബില്‍ വീഡിയോകള്‍ ചെയ്തിരുന്നു. അതേസമയം ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന പലിശക്കാരനെ നിലവില്‍ പോലീസ് പ്രതിയാക്കിയിട്ടില്ല.