കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ മെഡല്‍ നേടി ഇന്ത്യ. ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗറാണ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. 55 കിലോഗ്രാം ഭാരോദ്വഹനത്തില്‍ 248 കിലോ ഉയര്‍ത്തിയാണ് സങ്കേത് ഇന്ത്യക്കായി വെള്ളി നേടിയത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സങ്കേത് മഹാദേവ് സര്‍ഗര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലില്‍ എത്തിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്നാച്ച്, ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടുകള്‍ക്ക് ശേഷം മൊത്തം 248 കിലോ ഉയര്‍ത്തിയാണ് സങ്കേത് മെഡല്‍ നേടിയത്.

അതേസമയം ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം മെഡല്‍ ഗുരുരാജ പൂജാരി സ്വന്തമാക്കി. പുരുഷന്മാരുടെ 61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 269 കിലോ ഉയര്‍ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്. സ്നാച്ചില്‍ 118 കിലോയും ജെര്‍ക്കില്‍ 151 കിലോയുമാണ് താരം ഉയര്‍ത്തിയത്. കാനഡയുടെ യൂറി സിമര്‍ഡിനേക്കാള്‍ ഒരു കിലോ അധികമായി ഉയര്‍ത്തിയാണ് ഗുരുരാജ വെങ്കലം നേടിയത്അവസാന ശ്രമത്തില്‍ സിമര്‍ഡ് 149 കിലോ ഉയര്‍ത്തി യുറി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 151 കിലോ ഉയര്‍ത്തി ഗുരുരാജ മെഡല്‍ ഉറപ്പിച്ചു. മലേഷ്യയുടെ മുഹമ്മദ് അസ്നില്‍ ബിദിന്‍ 285 കിലോഗ്രാം സംയുക്തമായി ഉയര്‍ത്തി സ്വര്‍ണം നേടി.