തമിഴ് നാട്ടില്‍ മുയലിനെ വേട്ടയാടാന്‍ പോയ സൈനികനായ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു

മുയലിനെ വേട്ടയാടാന്‍ പോകുന്നതിനിടെ പന്നിയെ തടയാന്‍ കെട്ടിയ വൈദ്യുതവേലിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് വിരുദുനഗറിലെ മാനാമധുരയിലാണ് നാടിനെ ഞെട്ടിച്ച അപകടമരണങ്ങള്‍ ഉണ്ടായത്. മുകവൂര്‍ വില്ലേജ് സ്വദേശികളായ അയ്യനാര്‍, മക്കളായ അജിത്, സുഖന്ദ്രപാണ്ഡി എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. സൈനികനായ അജിത് അവധിക്ക് വന്നപ്പോള്‍ അച്ഛനും മക്കളും കൂടി മുയലിനെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു.

വനമേഖലയിലേക്ക് പ്രവേശിക്കുന്നതിനിടെ സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ അതിരില്‍ കെട്ടിയിരുന്ന വൈദ്യുതവേലിയില്‍ തട്ടുകയായിരുന്നു ഇവര്‍. വൈദ്യുതാഘാതമേറ്റ മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതുകൊണ്ട് തിരക്കിയിറങ്ങിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുച്ചപ്പട്ടി പൊലീസ് എത്തി മൃതദേഹങ്ങള്‍ അടുത്തുള്ള രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പൊലീസും വനംവകുപ്പും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസും വേട്ടയ്ക്ക് വനത്തില്‍ കയറിയതിന് വനംവകുപ്പും കേസെടുത്തു.