നന്ദന മോള്‍ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി

ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് സഹായ ഹസ്തവുമായി സിനിമാ താരം സുരേഷ് ഗോപി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദിവസേന അഞ്ചും ആറും തവണ ശരീരത്തില്‍ സൂചിയിറക്കി ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടി വരുന്ന അവസ്ഥയാണ് നന്ദനയ്ക്ക് ഉള്ളത്. ഈ ദുരവസ്ഥക്ക് പരിഹാരമായി ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാന്‍ കഴിയും. ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്റെ പേര്. ആറ് ലക്ഷം രൂപയാണ് വില തുക പൂര്‍ണമായും സുരേഷ് ഗോപി വഹിക്കും.

ബിജെപി നേതാവ് സന്ദീപ് വാര്യരാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. കല്‍പ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകളാണ് നന്ദന. പാര്‍ലമെന്റ് അംഗമായിരിക്കെ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയില്‍ അവതരിപ്പിച്ചിരുന്നുവെന്ന് സന്ദീപ് പറയുന്നു. ഓ?ഗസ്റ്റ് 2 ന് നന്ദനയും കുടുംബവും തിരുവനന്തപുരത്ത് എത്തും. ഡോ.ജ്യോതിദേവ് കേശവദേവിന്റെ മേല്‍നോട്ടത്തില്‍ നന്ദനയുടെ ജീവന്‍ രക്ഷാ ഉപകരണം സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപി അഭിനയിച്ച പാപ്പന്‍ എന്ന സിനിമ കഴിഞ്ഞ ദിവസം റിലീസ് ആയിരുന്നു. ആ സിനിമ കാണുവാന്‍ ഇരുന്ന വേളയിലാണ് തന്നെ സുരേഷ് ഗോപി നേരിട്ട് വിളിച്ചു ഇക്കാര്യങ്ങള്‍ തിരക്കിയത് എന്ന് സന്ദീപ് വാര്യര്‍ പറയുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് :

ക്ഷമിക്കണം ഇത് പാപ്പന്റെ റിവ്യൂ അല്ല.

ഇന്നലെ പെരിന്തല്‍മണ്ണ വിസ്മയയില്‍ കുടുംബസമേതം പാപ്പന്‍ കണ്ടു . രാവിലെ സുരേഷേട്ടനോട് ഫോണില്‍ ഓള്‍ ദി ബെസ്റ്റ് പറഞ്ഞ് സംസാരിച്ചതിന്റെ ത്രില്ലില്‍ പടം കാണാന്‍ വന്നിരിക്കുകയാണ് എന്റെ ഭാര്യ ഷീജ . സിനിമ തുടങ്ങി . ഹൗസ് ഫുള്‍ ആണ് . പണ്ട് സംഗീതയില്‍ കമ്മീഷണര്‍ കാണാന്‍ പോയ അതേ ആവേശത്തോടെ ഞാന്‍ സീറ്റിന്റെ തുമ്പത്തിരുന്നു .

സ്റ്റയിലിഷായി സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി സ്‌ക്രീനില്‍ വരുന്ന നിമിഷം പാപ്പന്‍ എന്ന ടൈറ്റില്‍ തെളിയുന്നു . തീയേറ്ററില്‍ നിലയ്ക്കാത്ത കരഘോഷം . ഉദ്യോഗജനകമായ കുറ്റാന്വേഷണ കഥ ഊഹിക്കാനൊരു ചെറിയ സൂചന പോലും നല്‍കാതെ മുന്നോട്ട് പോവുകയാണ് . പാപ്പനായി സുരേഷേട്ടനും മൈക്കിളായി ഗോകുലും എല്ലാം അത്യുഗ്രന്‍ പ്രകടനം .

ജോഷിയുടെ അനുഭവ സമ്പത്തിന്റെ ബലത്തില്‍ സിനിമ മുന്നോട്ട് പോകവേ രസം കൊല്ലാനായി എന്റെ മൊബൈലിലേക്ക് ആരോ വിളിക്കുന്നു . മൊബൈല്‍ എടുത്ത് നോക്കുമ്പോള്‍ വിളിക്കുന്നത് പാപ്പനാണ് . സാക്ഷാല്‍ സുരേഷ് ഗോപി . ഫോണെടുത്ത് ”പടം കണ്ട് കൊണ്ടിരിക്കുകയാണ് സുരേഷേട്ടാ” എന്ന് പറഞ്ഞു .

എന്നാല്‍ അത് കേള്‍ക്കാനായിരുന്നില്ല ആ കാള്‍ . ”സന്ദീപ് , നന്ദനയെ രണ്ടാം തീയതി തിരുവനന്തപുരത്ത് എത്തിക്കാന്‍ കഴിയുമോ എന്ന് ചോദിക്കൂ , അന്ന് ആ മെഷീന്‍ നല്‍കാന്‍ ഞാന്‍ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് ‘

‘ ഇപ്പോ അറിയിക്കാം സുരേഷേട്ടാ ‘ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു .

നന്ദന .. കല്‍പ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകള്‍ . ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ കുട്ടിയാണ് നന്ദന . ദിവസേന അഞ്ചും ആറും തവണ ശരീരത്തില്‍ സൂചിയിറക്കി ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടി വരുന്ന ഹതഭാഗ്യയായ കുട്ടി . ഈ ദുരവസ്ഥക്ക് പരിഹാരമായി ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാന്‍ കഴിയും . പാര്‍ലമെന്റ് അംഗമായിരിക്കെ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയില്‍ അവതരിപ്പിച്ചിരുന്നു .

വയനാട് സന്ദര്‍ശനത്തിനിടെ നന്ദനയെയും എടുത്ത് കാണാന്‍ വന്ന രക്ഷിതാക്കളുടെ കണ്ണീര്‍ കണ്ട് സുരേഷ് ഗോപി വാക്ക് കൊടുത്തു ‘ നന്ദനക്ക് ഇന്‍സുലിന്‍ പമ്പ് ഞാന്‍ നല്‍കാം ‘ . ഇന്‍സുലിന്‍ പമ്പ് എന്നല്ല automated insulin delivery system എന്നാണ് അതിന്റെ പേര് . ആറ് ലക്ഷം രൂപയാണ് വില . ആ തുക പൂര്‍ണമായും സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി വഹിക്കും .

തീയേറ്ററില്‍ ഇരുന്ന് തന്നെ നന്ദനയെ ഫോണ്‍ ചെയ്തു . ആഗസ്ത് 2 ന് നന്ദനയും കുടുംബവും തിരുവനന്തപുരത്ത് എത്തും . ഡോ .ജ്യോതിദേവ് കേശവദേവിന്റെ മേല്‍നോട്ടത്തില്‍ നന്ദനയുടെ ജീവന്‍ രക്ഷാ ഉപകരണം സ്ഥാപിക്കും .

സ്‌ക്രീനില്‍ മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പാപ്പന്‍ നിറഞ്ഞാടുമ്പോള്‍ അതേ സമയം യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു കുഞ്ഞു മോളുടെ ജീവന്‍ രക്ഷിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി നടത്തുന്ന ഇടപെടലില്‍ നിമിത്തമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു ഞാന്‍. അതുകൊണ്ട് ഇത് പാപ്പന്റെ റിവ്യൂ അല്ല , സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹിയുടെ റിവ്യൂ ആണ്.