അട്ടപ്പാടി മധുവിന്റെ കുടുംബത്തിനു നേരെ ഭീഷണി ; ഒരാള്‍ക്കെതിരെ കേസെടുത്തു

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. അബ്ബാസ് എന്നയാള്‍ക്കെതിരെയാണ് കേസടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി പോലീസ് കേസ് എടുത്തത്. നാളെ മധുവിന്റെ അമ്മ മല്ലിയുടെ മൊഴിയെടുത്തതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു. മധുവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ നിന്നും പിന്മാറാന്‍ വേണ്ടി പ്രതികള്‍ക്ക് വേണ്ടി പ്രദേശവാസിയായ അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസ് പിന്‍വലിച്ചാല്‍ പുതിയ വീട് കെട്ടിത്തരാമെന്ന വാഗ്ദാനവും ഇയാള്‍ മുന്നോട്ട് വെച്ചിരുന്നു. ഭീഷണി കാരണം സഹികെട്ട് താമസം പോലും മാറേണ്ട സാഹചര്യമാണ് മധുവിന്റെ കുടുംബത്തിനുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എസ് ഇ -എസ് ടി കോടതിയാണ് കേസെടുക്കാന്‍ ഇന്നലെ ഉത്തരവിട്ടത്.

122 സാക്ഷികളുള്ള കേസില്‍ ഇതുവരെ 19 പേരെ വിസ്തരിച്ചു. ഇതില്‍ ഒമ്പത് പേരും മൊഴിമാറ്റി. വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പിലാക്കാന്‍ ജില്ലാ ജഡ്ജി നിര്‍ദേശിച്ചിട്ടും കൂറുമാറ്റം തടയാന്‍ ആകുന്നില്ല. പ്രതികളുടെ സ്വാധീനത്തിലാണ് പ്രോസിക്യൂഷന്‍ സാക്ഷികളെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരിയും പറയുന്നു. അതേ സമയം, കേസില്‍ മൊഴിമാറ്റിയ രണ്ട് ജീവനക്കാരെ വനം വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. വനം വകുപ്പ് വാച്ചര്‍മാരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. പന്ത്രണ്ടാം സാക്ഷി അനില്‍കുമാര്‍, പതിനാറാം സാക്ഷി അബ്ദുല്‍ റസാഖ് എന്നിവര്‍ക്കെതിരെയാണ് വനം വകുപ്പ് അട്ടപ്പാടി റേഞ്ച് ഓഫീസര്‍ സി ഉമേഷ് നടപടിയെടുത്തത്. കേസിന്റെ സാക്ഷി പട്ടികയില്‍ ഇനിയും വനം വാച്ചര്‍മാരുണ്ട്. ഇവര്‍ക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവര്‍ക്കെതിരെ നടപടി എടുത്തത്. താത്കാലിക വാച്ചര്‍മാരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. സര്‍ക്കാര്‍ ശമ്പളം വാങ്ങി പ്രോസിക്യൂഷന് അനുകൂലമായി നല്‍കിയ രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി.

മുക്കാലിയിലെ അബ്ബാസ് എന്നയാള്‍ ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസില്‍ നിന്ന് പിന്‍മാറണമെന്നും ഇല്ലെങ്കില്‍ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ഹര്‍ജിയില്‍ പറയുന്നു. അട്ടപ്പാടിയില്‍ ആദിവാസികള്‍ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അവരുടെയൊക്കെ കുടുംബങ്ങള്‍ സ്വസ്ഥമായി ജീവിക്കുന്നത് കാണുന്നില്ലെ എന്നും അബ്ബാസ് ചോദിച്ചു.