കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ; അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നു ; ഒരാള്‍ക്ക് പരിക്ക്
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങി കിടക്കുകയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അവധി ദിനമായതിനാല്‍ ഇന്ന് നല്ല നിലയില്‍ ഇവിടെ സഞ്ചാരികളുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇന്നലെയും കനത്ത മഴയാണ് പെയ്തത്. വനമേഖലയില്‍ പെയ്ത് മഴയെ തുടര്‍ന്നാണ് മലവെള്‌ലപ്പാച്ചിലുണ്ടായത്.
ചെങ്കോട്ട-അച്ചന്‍കോവില്‍ പാതയില്‍ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അച്ചന്‍കോവില്‍ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാര്‍ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തില്‍ എത്തുന്നത്. 250 അടി ഉയരത്തില്‍ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പാറക്കൂട്ടങ്ങളും ചുഴികളും നിറഞ്ഞ ഈ മേഖലയില്‍ പക്ഷേ അപകടങ്ങളും പതിവാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഇടമാണ് ഇത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.