മഴ ശക്തമായി ; കൊല്ലത്ത് മലവെള്ള പാച്ചലില്‍ ഒരു വിനോദസഞ്ചാരി മരിച്ചു
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തു മഴ ശക്തമായി. കിഴക്കന്‍ മേഖലയിലാണ് കാര്യമായി മഴ ലഭിക്കുന്നത്. കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ തമിഴ് നാട് സ്വദേശിയായ ഒരാള്‍ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് കല്ലാര്‍ മീന്‍മുട്ടിയിലും സഞ്ചാരികള്‍ കുടുങ്ങി. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന കനത്ത മഴയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തംനതിട്ട,ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കന്‍ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. വിതുരയില്‍ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മങ്കിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശത്തെ പലവീടുകളിലും വെള്ളം കയറി. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍ മീന്‍മുട്ടിയില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. ഇവരെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷപ്പെടുത്തി. കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടം കാണുന്നതിനായി പോയ രണ്ട് വണ്ടിയിലായി പോയ ആറ് സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന ഒന്‍പത് അംഗ സംഘമാണ് കല്ലാര്‍ നദിക്ക് അപ്പുറം കുടങ്ങിയത്. ചപ്പാത്തില്‍ വെള്ളം കുറയുന്നതിന് അനുസൃതമായി ഇവരുടെ വണ്ടി തിരികെ കൊണ്ടു വരാന്‍ കഴിയും എന്ന് പൊലീസ് അറിയിച്ചു. ഇവരെ തത്കാലം സമീപത്തെ വീടുകളിലേക്ക് എത്തിച്ചു.
വിതുര വില്ലേജില്‍ കല്ലാറിന് സമീപം എത്തിയ സഞ്ചാരികളായ യുവാക്കള്‍ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ കുടുങ്ങി. ഇവരെ വിതുര സ്റ്റേഷനിലെ പൊലീസുകാര്‍ എത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാം ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് രാത്രി 7 30 ഓടെയാണ് 2.5 സെന്റീമീറ്റര്‍ വീതം നാലു ഷട്ടറുകളും ഉയര്‍ത്തിയത്.
നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.നെയ്യാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. നീരൊഴുക്ക് ശക്തമായതോടെ പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തോട് കരവിഞ്ഞ് ഒഴുകുന്നത് മൂലം മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലുകാവ്, ഈരാറ്റുപേട്ട പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. അതേസമയം എരുമേലിയില്‍ മഴ കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോരമേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. സീതക്കുഴിയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി.
ശക്തമായ മഴയും ഉരുള്‍ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുകയാണെന്ന് വിവരം. സഞ്ചാരികള്‍ മേച്ചാല്‍ പള്ളിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ആര്‍ക്കും പരിക്കുകളില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. രക്ഷാപ്രവര്‍ത്തനത്തിന് പൊലീസും അഗ്‌നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. വഴിയില്‍ കല്ലും മണ്ണും അടിഞ്ഞത് യാത്രക്ക് തടസ്സമാകുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് തീക്കോയി വാഗമണ്‍ റോഡില്‍ ഗതാഗതം താല്‍ക്കാലികമായി തടഞ്ഞു. തീക്കോയില്‍ നിന്നും മുകളിലേക്ക് വാഹനം നിലവില്‍ കടത്തിവിടുന്നില്ല. വഴിക്കടവ് ചെക്ക് പോസ്റ്റും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശക്തമായ മഴ തുടരുമ്പോള്‍ മണ്ണിടിച്ചില്‍ അടക്കമുള്ള അപായ സാധ്യതകള്‍ നിലവിലുള്ളതിനാലാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്.