അറുപതാം വയസില്‍ നിറം മാറ്റി സ്‌പ്രൈറ്റ്
അറുപതാം വയസില്‍ നിറം മാറ്റി ജനകീയ ശീതള പാനീയമായ സ്‌പ്രൈറ്റ്. ഇത് ആദ്യമായിട്ടാണ് ശീതളപാനീയമായ സ്‌പ്രൈറ്റ് കുപ്പിയുടെ പച്ച കളര്‍ നിര്‍ത്തുന്നത്. പച്ച നിറം ഉപേക്ഷിച്ച് പരിസ്ഥിതി സൗഹാര്‍ദമായ ട്രാന്‍സ്പരന്റ് കുപ്പിയില്‍ ആണ് സ്പ്രൈറ്റ് ഇനി മുതല്‍ വിപണിയിലെത്തുക. നാളെ മുതല്‍ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക. കാര്‍ബണേറ്റഡ് ശീതളപാനിയമായ സ്‌പ്രൈറ്റ് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പച്ച കുപ്പി പോളിയെത്തിലീന്‍ ടെറഫ്താലേറ്റ് (പിഇടി) ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഉപയോഗ ശേഷം ഈ കുപ്പികള്‍ വസ്ത്രങ്ങള്‍ കാര്‍പ്പെറ്റുകള്‍ തുടങ്ങിയ ഒറ്റത്തവണ ഉപയോഗ വസ്തുക്കളായാണ് മാറ്റുന്നത്. എന്നാല്‍ ട്രാന്‍സ്പരന്റ് കുപ്പികള്‍ റീസൈക്കിള്‍ ചെയ്തു പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് സ്‌പ്രൈറ്റ് ബ്രാന്‍ഡ് ഉടമകളായ കൊക്കോ കോള കമ്പനി വ്യക്തമാക്കി.
കൊക്കക്കോളയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന R3CYCLE-യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജൂലിയന്‍ ഒച്ചോവ പറയുന്നത് ഇങ്ങനെ- ‘പുനഃചംക്രമണം ചെയ്യുമ്പോള്‍, ക്ലിയര്‍ സ്പ്രൈറ്റ് കുപ്പികള്‍ പുതിയ കുപ്പികളാക്കി പുനര്‍നിര്‍മ്മിക്കാന്‍ കഴിയും, ഇത് പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണ സമ്പദ്വ്യവസ്ഥയെ സഹായിക്കും.’അതേസമയം, ലോഗോ മാറുമെങ്കിലും കാനിലെയും പാക്കേജിംഗ് ഗ്രാഫിക്‌സിലെയും പച്ച നിറം തുടര്‍ന്നും ഉപയോഗിക്കും. 1961 ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയതുമുതല്‍ സ്‌പ്രൈറ്റ് പച്ച നിറത്തില്‍ പാക്കേജുചെയ്താണ് വില്‍ക്കുന്നത്.
ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ശീതള പാനീയങ്ങളിലൊന്നാണ് സ്‌പ്രൈറ്റ് എന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഇതുകൂടാതെ കുപ്പിവെള്ള ബ്രാന്‍ഡായ ‘ദസനി’യുടെ കുപ്പികളും പൂര്‍ണമായി പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിലേക്ക് മാറുമെന്നും കൊക്കോകോള കമ്പനി അറിയിച്ചു. 2019 ല്‍ ഉപയോഗിച്ചതിനെ അപേക്ഷിച്ച് 20 ദശലക്ഷം പൗണ്ട് പ്ലാസ്റ്റിക് മാലിന്യം ഇത് കുറയ്ക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.