ഭൂമിയുടെ കറക്കത്തിനു വേഗത കൂടി ; ഏറ്റവും ചെറിയ ദിവസമായി ജൂലായ് 29
24 മണിക്കൂര്‍ ആണ് ഭൂമിക്ക് ഒന്ന് ചുറ്റിവരാന്‍ എടുക്കുന്ന സമയം അതുകൊണ്ട് തന്നെയാണ് ഒരു ദിവസം എന്നത് 24 മണിക്കൂര്‍ എന്ന് നാം കണക്ക് കൂട്ടുന്നത്. എന്നാല്‍ നമ്മുടെ കണക്ക് കൂട്ടല്‍ പോലെ അല്ല ഭൂമി ഇപ്പോള്‍. പതിവിന് വിപരീതമായി, 24 മണിക്കൂര്‍ തികച്ചെടുക്കാതെ ഭ്രമണം പൂര്‍ത്തിയാക്കി ഭൂമി. ജൂണ്‍ 29-നാണ് ഇത്തരത്തില്‍ ഭൂമി, ‘അതിവേഗം ബഹുദൂരം’ കറക്കം പൂര്‍ത്തിയാക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ അല്ല സാധാരണ ഉള്ളതിനേക്കാള്‍ 1.59 മില്ലി സെക്കന്‍ഡ് കുറച്ചു സമയം മാത്രമേ അന്ന് കറക്കം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് വേണ്ടിവന്നുള്ളൂ. അതോടെ ഇതുവരെയുള്ളതിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസമായി ജൂലായ് 29 മാറി. ഭൂമിയുടെ ഭ്രമണവേഗവുമായി ബന്ധപ്പെട്ട, ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന അറ്റോമിക് ക്ലോക്കാണ് ഭൂമിയുടെ സഞ്ചാരവേഗത്തിലുണ്ടായ ഈ വ്യത്യാസം കണ്ടെത്തിയത്.
1960-ന് ശേഷം 2020 ജൂലൈ 19-നാണ് ഇതിനു മുന്‍പ് ഭൂമി കുറഞ്ഞ സമയംകൊണ്ട് കറങ്ങിവന്നതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ 1.47 മില്ലി സെക്കന്‍ഡ് കൂടിയുള്ളപ്പോഴേക്കും ഭൂമി ഭ്രമണം പൂര്‍ത്തിയാക്കിയിരുന്നു. ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങള്‍ ഉള്‍പ്പെടുന്ന അന്‍പതുകൊല്ലഘട്ടത്തിന്റെ ആരംഭമാകാം ജൂണ്‍ 29-ലെ മാറ്റമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഭൂമിയുടെ ഭ്രമണ വേഗത വ്യത്യാസപ്പെടുന്നതിന് പിന്നിലെ കാരണം എന്തെന്നത് ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും ഭൂമിയുടെ ഇന്നര്‍ കോറിലെയും ഔട്ടര്‍ കോറിലെയും പ്രവര്‍ത്തനങ്ങള്‍, സമുദ്രങ്ങള്‍, തിരകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയവയും ഇതിനെ ബാധിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്. അതേസമയം അടുത്തകാലത്തായി ഭൂമി ഭ്രമണവേഗതയില്‍ അസ്വാഭാവികതകളൊന്നും കാണിച്ചിരുന്നില്ല. എന്നാല്‍ ലോകാവസാനത്തിന്റെ തുടക്കമാണ് ഇപ്പോള്‍ കാണുന്നത് എന്നാണ് ചിലരുടെ കണ്ടെത്തല്‍. മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ പരിണിത ഫലങ്ങളാണ് ഇതൊക്കെ എന്ന് വാദിക്കുന്നവരും ഉണ്ട്.