സംസ്ഥാനത്ത് പ്രളയ സാധ്യത ; മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍ ; നാളെ സ്‌കൂളുകള്‍ക്ക് അവധി
കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സ്ഥിതി രൂക്ഷമാണെന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ കുറെ മണിക്കൂറുകളായി മഴ തകര്‍ത്ത് പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്. നിലവില്‍ മണിമല, അച്ചന്‍കോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം നിര്‍ണായകമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
ഐഎംഡി നല്‍കുന്ന വിവരം പ്രകാരം അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടി കനത്ത മഴ തുടരുമെന്നും അതുകൊണ്ട് തന്നെ പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പല ജില്ലകളിലും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
പോലീസ്, അഗ്‌നിരക്ഷാസേന, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരോട് ജാഗരൂഗരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കണം.