കുരങ്ങു പനി പകരുന്നത് പുരുഷന്മാരുടെ ലൈംഗിക ബന്ധത്തിലൂടെ വിവാദ പ്രസ്താവനയുമായി WHO
ലോകത്ത് മങ്കി പോക്‌സ് മുഖ്യമായും പകരുന്നത് സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുനതിലൂടെയാണ് എന്ന വിവാദ പ്രസ്താവനയുമായി WHO. മങ്കി പോക്‌സ് വ്യാപനം കുറയാന്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കൂട്ടാളികളുടെ എണ്ണം കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിനെതിരെ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരും (indian health experts) എല്‍ജിബിടിക്യു പ്രവര്‍ത്തകരും (LGBTQ activists) രംഗത്ത് വന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്ക് ഇതിനകം കളങ്കം വരുത്തിയിട്ടുണ്ടെന്നും രോഗലക്ഷണങ്ങളുള്ള ആളുകള്‍ ഇപ്പോള്‍ വൈറസ് പരിശോധന നടത്താന്‍ ഭയം കാണിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ തുല്യാവകാശ പോരാട്ടം നടത്തുന്ന പ്രവര്‍ത്തകന്‍ ഹരീഷ് അയ്യര്‍ പറഞ്ഞു.
കുരങ്ങുപനിയെ ലൈംഗികമായി പകരുന്ന അണുബാധ (STI) എന്ന് മുദ്ര കുത്തിയിട്ടില്ല. എന്നാല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്കാണ് അപകടസാധ്യത കൂടുതലെന്നാണ് വിലയിരുത്തല്‍. ലോകാരോഗ്യ സംഘടന വിദഗ്ധനായ റോസമണ്ട് ലൂയിസിന്റെ അഭിപ്രായത്തില്‍, ഏകദേശം 99% കുരങ്ങുപനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പുരുഷന്മാരിലാണ്. ഇതില്‍ കുറഞ്ഞത് 95% രോഗബാധിതരെങ്കിലും സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരാണ്. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കിടയില്‍ 80-കളില്‍ എച്ച്ഐവി/എയ്ഡ്സ് പകര്‍ച്ചവ്യാധിയുടെ വേദനാജനകമായ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നതാണ് കുരങ്ങുപനിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വൈറസിനെ ഗൗരവമായി പരിഗണിച്ചില്ലെന്നും വളരെ വൈകിയാണ് നടപടി സ്വീകരിച്ചതെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
” എയ്ഡ്‌സ് സ്വവര്‍ഗ്ഗാനുരാഗികളില്‍ മാത്രം പടരുമെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. അതിനെ സ്വവര്‍ഗ്ഗാനുരാഗ സംബന്ധമായ അസുഖം എന്നാണ് വിളിച്ചിരുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കീഴ്വഴക്കമുണ്ട്. എയ്ഡ്സ് പകര്‍ച്ചവ്യാധിയുടെ സമയത്ത് എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കറിയാം. അവരുടെ മുന്നറിയിപ്പ് സന്ദേശം കുറച്ചുകൂടി വ്യക്തമാക്കാമായിരുന്നു. അക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്താമായിരുന്നു. എന്തുകൊണ്ടാണ് ഭിന്നലിംഗക്കാര്‍ക്ക് ഒന്നിലധികം പങ്കാളികള്‍ ഇല്ലെന്ന് അവര്‍ കരുതുന്നത്, ”അയ്യര്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആളുകള്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് സ്വയം അകലം പാലിക്കുമെന്നും അംഗങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും ട്രാന്‍സ് കമ്മ്യൂണിറ്റി ആരോഗ്യ വിദഗ്ധന്‍ അന്‍മോല്‍ സിംഗ് പറഞ്ഞു. ” ഒരു സാധാരണ വ്യക്തിയെ അപേക്ഷിച്ച് നമുക്ക് കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടെന്നോ അല്ലെങ്കില്‍ തങ്ങള്‍ ലൈംഗിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നോ ഉള്ള ചിന്ത അവരില്‍ കൂടുതല്‍ നെഗറ്റിവിറ്റി ഉണ്ടാക്കും” സിംഗ് പറഞ്ഞു. ലൈംഗികതയോ വംശമോ ഇല്ലാതെ ഏത് അടുത്ത ശാരീരിക സമ്പര്‍ക്കത്തിലൂടെയും വൈറസ് പടരുമെന്ന വസ്തുത ആരോഗ്യ പ്രവര്‍ത്തകര്‍ ഊന്നിപ്പറയേണ്ടതുണ്ടെന്നും സിംഗ് വ്യക്തമാക്കി.