തൃശൂരിലെ യുവാവിന്റെ മരണകാരണം കുരങ്ങുവസൂരി തന്നെ ; സമ്പര്‍ക്കപട്ടികയില്‍ 15 പേര്‍

തൃശൂര്‍ പുന്നയൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്റെ വീട്. കഴിഞ്ഞ 21 ന് ആണ് യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു.

യുഎഇയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. യുവാവിന് മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് ചുവന്ന കുരുക്കള്‍ ഉണ്ടായിരുന്നില്ല.

യുവാവ് മരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും വിദേശത്തുവെച്ച് നടത്തിയ പരിശോധനയില്‍ മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. പിന്നാലെ പുണെ വൈറോളജി ലാബിലേക്ക് അയക്കുകയും അവിടെയും പോസിറ്റീവ് ഫലം ലഭിക്കുകയുമായിരുന്നു. കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയാണ്. നാളെ പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ പ്രതിരോധ ക്യാമ്പയിന്‍ നടക്കും. മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍ക്കരണം നടത്തും.