കനത്ത മഴ തുടരുന്നു ; മൂന്നു മരണം ; മഴക്കെടുതി രൂക്ഷം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏഴു ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മഴക്കെടുതികള്‍ വിലയിരുത്താനും ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പോലീസ്, അഗ്‌നിരക്ഷാസേന, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരോട് ജാഗരൂഗരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാണുന്നത്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. മൂന്ന് പേര്‍ മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അച്ഛനും രണ്ട് മക്കളും മരിച്ചത്. 15 മിനിറ്റോളം വെള്ളത്തില്‍ ഒഴുകി നടന്ന കാര്‍ അഗ്‌നിരക്ഷാ സേനയാണ് കരയ്ക്ക് എത്തിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശി ചാണ്ടി മാത്യു മക്കളായ ബ്ലെസി, ഫെബ എന്നിവര്‍ ആണ് മരിച്ചത്. പത്തനംതിട്ട അത്തിക്കയത്ത് ഒരാളെ ഒഴുക്കില്‍പ്പെട്ടു കാണാതായി.
പത്തനംതിട്ടയില്‍ പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ട്. ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കിയിരിക്കുമാകയാണ്. കോട്ടയത്തു ഉരുള്‍ പൊട്ടിയ ഇരിമാപ്രയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന നിലയിലാണ്. ഈരാറ്റുപേട്ട,എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളില്‍ തഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എറണാകുളം ആലുവായില്‍ കനത്ത മഴയില്‍ പല റോഡുകളിലും വെള്ളക്കെട്ടായി.

കനത്ത മഴ തുടരുന്ന ഇടുക്കിയില്‍ കാലാവസ്ഥാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസവും ജില്ലയില്‍ റെഡ് അലര്‍ട്ടാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രക്ക് താല്‍കാലികമായി നിരോധിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെയാണ് നിരോധനമേര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോരിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ ഖനനവും നിരോധിച്ചു ജലാശയങ്ങളില്‍ മല്‍സ്യബന്ധനം പാടില്ല. ഓഫ് റോഡ് ട്രക്കിംഗ് അഡ്വഞ്ചര്‍ ടൂറിസം വിനോദസഞ്ചാരത്തിനുവേണ്ടിയുള്ള സ്വകാര്യ ബോട്ടിംഗ് എന്നിവ താല്‍ക്കാലികമായി ഒഴിവാക്കണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.