കല്യാണത്തിന് കാവല്‍ നില്‍ക്കാന്‍ പൊലീസുകാര്‍ ; കേരളാ പോലീസിനെ പ്രദര്‍ശന വസ്തുവാക്കുന്നതിനെതിരെ സേനയില്‍ അമര്‍ഷം
കല്യാണത്തിന് പോലീസ് കാവല്‍. കണ്ണൂരിലാണ് കല്യാണത്തിന് നാലു പൊലീസുദ്യോഗസ്ഥരെ വാടകയ്ക്ക് നല്‍കിയത്.എന്നാല്‍ ഈ നടപടി സേനയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ക്ക് കാരണമായി കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് പരാതി നല്‍കി. പൊലീസിനെ പ്രദര്‍ശന വസ്തുവാക്കരുതെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങിന് എത്തുന്ന വിഐപി, അയാളെ സംബന്ധിച്ചു മാത്രമാണ് വിഐപി. സംസ്ഥാന പൊലീസിന് അവര്‍ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവര്‍ അതിനു ശേഷം ആരോപണ വിധേയരാകുന്നതും പിന്നീട് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിതെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് ബിജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കണ്ണൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ചടങ്ങിന് 4 പൊലീസ് ഉദ്യോഗസ്ഥന്മാരെ അനുവദിച്ച ഡിപ്പാര്‍ട്ട്‌മെന്റ് നടപടി മാധ്യമ വാര്‍ത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. നിയമപരമല്ലാത്ത ഒരു കാര്യത്തിനും പൊലീസിനെ ഉപയോഗിക്കാന്‍ പാടില്ല എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയായ പൊലീസ് ആക്ടാണ് കേരളത്തിനുള്ളത്. ഈ പൊലീസ് ആക്ടില്‍ ജനപക്ഷ ചിന്തയില്‍, മികച്ച പൊലീസിങ്ങിനും പൊലീസ് സേവനത്തിനും ആവശ്യമായ എല്ലാം നിലവിലുണ്ട്. അതിന് വിരുദ്ധമായ സാഹചര്യത്തിലേക്ക് പൊലീസ് സേനയെ ഉപയോഗിക്കാതിരിക്കാനും വ്യക്തമായ സെക്ഷനുകള്‍ പൊലീസ് ആക്ടിലുണ്ട്. കേരള പൊലീസ് ആക്ട് സെക്ഷന്‍ 62 ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. സെക്ഷന്‍ 62(2) ല്‍ ഒരു സ്വകാര്യ വ്യക്തിക്കോ സ്വത്തിനോ മാത്രമായി സൗജന്യമായോ ഫീസ് ഈടക്കിക്കൊണ്ടോ പ്രത്യേക പൊലീസിനെ ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്.
എന്നാല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ എന്ന പോലെ പൊലീസ് വകുപ്പിന്റെയും സ്ഥലമോ സാമഗ്രികളോ ഉപയോഗിക്കേണ്ടി വന്നാല്‍ അതിന് കൃത്യമായ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവും നിലവിലുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന ഈ ഉത്തരവ് അവസാനമായി പരിഷ്‌കരിച്ച് 15/06/2022 ല്‍ GO(MS ) 117/2022/ ആഭ്യന്തരം ഉത്തരവാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്. പൊലീസിന് മാത്രമായി കൈവശമുള്ള സംവിധാനങ്ങള്‍ ആവശ്യമായ ഘട്ടങ്ങള്‍ ഉണ്ടായാല്‍ അത് ആവശ്യക്കാര്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. പൊതുപരിപാടികളിലെ മൈക്ക് ഉപയോഗത്തിനുള്ള അനുമതി, ഇത്തരം പ്രചാരണ വാഹനത്തിനുള്ള അനുമതി, അതുപോലെ സിനിമാ – സീരിയല്‍ തുടങ്ങിയവയുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് പൊലീസ് വയര്‍ലസ് സെറ്റ്, പൊലീസ് ഡോഗ്, പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍, പൊലീസ് വാഹനങ്ങള്‍, പോലീസ് സേനാംഗങ്ങള്‍ എന്നിവ നിശ്ചിത നിരക്കില്‍ വിട്ട് നല്‍കാനും ഈ ഉത്തരവ് കൃത്യമായി പറയുന്നു.
പോസ്റ്റിന്റെ ലിങ്ക് :