മഴക്കെടുതിയില്‍ ഇന്ന് മാത്രം ആറു മരണം ; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 12 പേര്‍
കനത്ത മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതിയല്‍ ഇന്ന് മാത്രം ആറു പേര്‍ മരിച്ചു. കണ്ണൂരില്‍ രണ്ട് പേര്‍ക്ക് മഴയില്‍ ജീവന്‍ നഷ്ടമായി. 12 പേരാണ് ഇതുവരെ മരിച്ചത്. പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ രണ്ടര വയസുകാരി അടക്കം രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒഴുക്കില്‍പ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ 10 ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നാലിടത്ത് ഓറഞ്ച് അലര്‍ട്ടാണ്. അതിനിടെ, തിരുവനന്തപുരം നിശാഗന്ധിയില്‍ നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
കുട്ടമ്പുഴയില്‍ ഇന്നലെ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയില്‍ മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയില്‍ വീണാണ് പൗലോസ് മരിച്ചത്. കണ്ണൂര്‍ പേരാവൂര്‍ നെടുംപുറംചാലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഒഴുക്കില്‍പ്പെട്ടാണ് രണ്ടര വയസുകാരിയെ കാണാതായത്. വൈക്കത്ത് വേമ്പനാട്ടുകായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്നു തുരുത്ത് ഭാഗത്താണ് മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പേരാവൂര്‍ മേലെവെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് കാണാതായ ആള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.
വെള്ളോറ കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രാജേഷ് എന്ന യുവാവ് മരിച്ചു. മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട ആളുടെ മൃതദേഹംകണ്ടെത്തി. കൂട്ടിക്കല്‍ ചപ്പാത്തിലുണ്ടായ അപകടത്തില്‍ ചുമട്ടുതൊഴിലാളിയായയ റിയാസ് ആണ് മരിച്ചത്. ജീവനോടെ ഒരു കിലോമീറ്ററോളം ഒഴുകി നടന്ന ഇയാളെ മണ്ണില്‍ താഴ്ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചപ്പാത്ത് പാലത്തിന് സമീപമാണ് കുട്ടിക്കല്‍ ടൌണിലെ ചുമട്ടുതൊഴിലാളിയായ റിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരകവിഞ്ഞൊഴുകിയ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട റിയാസ് ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു. നാട്ടുകാര്‍ പിന്നാലെ ഓടിയെങ്കിലും കുത്തൊഴുക്ക് ആയതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് റിയാസ് ഒഴുക്കില്‍പ്പെട്ടത്.
വെള്ളോറയില്‍ ചന്ദ്രന്‍ എന്നയാളെ കാണാതായിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീടിനകത്താണ് ചന്ദ്രനെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃതദേഹം ഇന്ന് രാവിലെയോടെ കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്ലീനയുമാണ് മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കോട്ടയം കൂട്ടിക്കലിലും എറണാകുളം കോതമംഗലത്തും ഓരോരുത്തര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ കാണാതായ പൗലോസിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വൈക്കത്തും ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചേരാനെല്ലൂരില്‍ കണ്ടെടുത്ത തിരിച്ചറിയാത്ത മൃതദേഹം ഒഴുക്കില്‍പ്പെട്ട് മരിച്ചയാളുടേത് ആണെന്നാണ് സംശയിക്കുന്നത്. ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് ആകെ 49 ദുരിതാശ്വാസ ക്യാമ്പുകളിലായി 757 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ അതിശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള 10 ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാല്‍ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. തുടര്‍ച്ചയായ ഉരുള്‍പ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്തെ ഡാമുകളില്‍ ജാഗ്രത തുടരുകയാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, മൂഴിയാര്‍, കുണ്ടള, പെങ്ങള്‍ക്കൂത്ത് ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗലം, മീങ്കര ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും കെഎസ്ഇബിയുടെ വലിയ ഡാമുകളില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. അതിനിടെ, പാലക്കാട് ജില്ലയില്‍ രണ്ട് ഡാമുകള്‍ പന്ത്രണ്ട് മണിക്ക് തുറന്നു. പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. പോത്തുണ്ടി പുഴയുടെ തീരത്ത് ഉള്ളവരും കുന്തിപ്പുഴയുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.