ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍ ; കേരളവും കപ്പലിന്റെ നിരീക്ഷണ വലയത്തില്‍
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍. ദക്ഷിണ ലങ്കന്‍ തുറമുഖമായ ഹംബന്‍തോട്ടയിലേക്കാണ് ചൈനയുടെ യുവാന്‍ വാങ് സീരിസിലെ മൂന്നാം തലമുറ കപ്പലായ യുവാന്‍ വാങ് 5 നീങ്ങുന്നത്. മിസൈല്‍, ബഹിരാകാശ, ഉപഗ്രഹ ട്രാക്കിംഗ് എന്നീ സംവിധാനങ്ങളുള്ള കപ്പലിന്റെ സാന്നിധ്യം ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2014 മുതല്‍ ലങ്കന്‍ തുറമുഖങ്ങളിലുള്ള മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് ഈ കപ്പലിന്റെ പ്രഹര ശേഷി അതിമാരകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 750 കിലോമീറ്ററിലേറെ ദൂരമാണ് കപ്പലില്‍ നിന്നുളള നിരീക്ഷണ പരിധി. അത്തരത്തിലാണെങ്കില്‍ കല്‍പ്പാക്കം, കൂടംകുളം, ആണവായുധ ഗവേഷണ കേന്ദ്രം എന്നിവയെല്ലാം കപ്പലിന്റെ നിരീക്ഷണ വലയത്തില്‍ വരും.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആറ് ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളുടെ വിവരങ്ങള്‍ ചാരക്കപ്പല്‍ വഴി ചൈനയ്ക്ക് ശേഖരിക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കപ്പല്‍പ്പാതയിലാണ് തുറമുഖമുള്ളത്. വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക വിദേശകാര്യമന്ത്രാലയം ലങ്കന്‍ അധികൃതരെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2017ലാണ് തുറമുഖം ചൈനയ്ക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. മറുവശത്ത് മ്യാന്‍മറില്‍ നിന്ന് കിഴക്കന്‍ ആഫ്രിക്കയിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും കടന്നുകയറാന്‍ ചൈന ശ്രമം തുടരുകയാണ്.
കപ്പല്‍ മണിക്കൂറില്‍ 35.2 കി. മീ. വേഗത്തില്‍ ഹംബന്‍തോട്ടയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ജിയാങ്നാന്‍ ഷിപ്പയാര്‍ഡ് നിര്‍മിച്ച കപ്പല്‍ 2007ലാണ് കമ്മീഷന്‍ ചെയ്തത്. ഓഗസ്റ്റ് 11 നും 17 നും ഇടയില്‍ കപ്പല്‍ തുറമുഖത്ത് നങ്കുരമിടുമെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച സ്ഥിരീകരിച്ചു. അതേസമയം, തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിച്ച് ചൈനീസ് കപ്പല്‍ സാറ്റലൈറ്റ് നിരീക്ഷണം നടത്തുന്നുണ്ടെന്ന മന്ത്രാലയം നിഷേധിച്ചു.