ദിലീപിന്റെ ജാമ്യം റദ്ദാക്കണം ; ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ ഉള്ള നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നതില്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യല്‍ ഓഫീസറെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റല്‍ തെളിവുകളും നശിപ്പിക്കാന്‍ ശ്രമിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന മറ്റൊരു കേസില്‍ പ്രതിയുമായി. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്ത വധഗൂഢാലോചന കേസിന്റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷന്‍ വാദങ്ങള്‍.

അതേസമയം കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയ ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടര്‍ വിചാരണ നടത്തുക പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസ് തന്നെയാകും. തുടര്‍ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അതിജീവിത കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തുക.ഇതിനിടെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ 8 ആം പ്രതി ദിലീപ് സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.