ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണം : അഡ്വ. ഷോണ്‍ ജോര്‍ജ്
സ്ഥിരമായി വെള്ളം കയറുകയും,ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്യുന്ന മേഖലയിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മീനച്ചില്‍ താലൂക്കില്‍ ഇത്തരത്തില്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറ്റി പാര്‍പ്പിക്കേണ്ട 132 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും കൂടിയാലോചനയോടെയോ,ജനകീയ പങ്കാളിത്തത്തോടെയോ അല്ല ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 500-ല്‍ അധികം ആളുകളെ മാറ്റി ഈ മേഖലയില്‍ മാത്രം പാര്‍പ്പിക്കേണ്ടതായിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷക്കാലമായി എല്ലാ പ്രാവശ്യവും വെള്ളം കയറുന്ന നൂറിലധികം വീടുകള്‍ ഈ പ്രദേശത്ത് തന്നെയുണ്ട്.ഇവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മൂന്നിലവ് ടൗണില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു എന്ന് ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ മൂന്നിലവ് ടൗണിനോട് ചേര്‍ന്നുള്ള ചെക്ക് ഡാം പൊളിച്ചു മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സര്‍വ്വകക്ഷി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തലനാട്,തീക്കോയി, മൂന്നിലവ് ഗ്രാമപഞ്ചായത്തുകളിലണ് മഴക്കെടുതിയില്‍ ഏറ്റവും അധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത്. അതില്‍ മൂന്നിലവ് ഗ്രാമപഞ്ചായത്തിലാണ് അഞ്ച് ഉരുളുകള്‍ പൊട്ടിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍,പഞ്ചായത്ത്, റവന്യൂ,പോലീസ്,ഫോറസ്റ്റ് ഫയര്‍ഫോഴ്‌സ് എന്നിവരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞു.
പാലാ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഇന്നും ഇന്നലെയുമായി മൂന്നിലവ് പഞ്ചായത്തിലെ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നു. ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന മുഴുവന്‍ റോഡുകളുടെയും ഗതാഗതം പുനസ്ഥാപിച്ചു. ഇതുവരെയും ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയാത്ത മൂന്നിലവ്-കടപുഴ – മേച്ചാല്‍ റോഡിന്റെ നിര്‍മ്മാണം ഉച്ചയ്ക്കുശേഷം അടിയന്തരമായി ആരംഭിക്കുവാന്‍ മൂന്നിലവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തലപ്പലം ഗ്രാമപഞ്ചായത്തിലും ഗണ്യമായ നാശനഷ്ടമാണ് ഉണ്ടായത്.ഈ നാശനഷ്ടങ്ങളെ സംബന്ധിച്ചും,സ്ഥിരമായി വെള്ളം കയറുന്ന വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും സമഗ്രമായ പദ്ധതി തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്നും ഷോണ്‍ പറഞ്ഞു.