ഉദ്ഘാടനത്തിന് പിന്നാലെ പുത്തന്‍ ഇലക്ട്രിക് ബസ് പെരുവഴിയില്‍ ; അവസാനം കെട്ടിവലിച്ചു നീക്കി

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകളിലൊന്ന് പെരുവഴിയില്‍. ബ്ലൂ സര്‍ക്കിളിനായി കൈമാറിയ ബസാണ് പെരുവഴിയില്‍ കുടുങ്ങിയത്. എന്താണ് തകരാര്‍ എന്ന് മനസ്സിലാക്കാന്‍ ആയില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.അവസാനം സര്‍വീസ് കാരവന്‍ എത്തി ബസ് കെട്ടിവലിച്ച് നീക്കുകയായിരുന്നു. കെഎസ്ആര്‍ടിസി തുടങ്ങിയ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ 23 ഷെഡ്യൂളുകളാണ് സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകള്‍ക്ക് ഇന്നലെ കൈമാറിയത്. തലസ്ഥാനത്ത് 64 ബസുകളാണ് നിലവില്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്. ഈ ബസുകളില്‍ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകള്‍ നിരത്തിലെത്തയിരുന്നു.

ഇപ്രകാരം സര്‍വീസ് തുടങ്ങിയ ബസുകളിലൊന്നാണ് രണ്ടാം ദിവസം തന്നെ പെരുവഴിയിലായത്. സിറ്റി സര്‍ക്കുലര്‍ സര്‍വീസ് സ്വിഫ്റ്റിനെ ഏല്‍പ്പിക്കുന്നതിനെതിരെ, ജിവനക്കാരുടെ സംഘടനകള്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബസ് എടുക്കാന്‍ എത്തിയ ജിവനക്കാരനെ സിഐടിയു ഇറക്കിവിട്ടിരുന്നു. അതേസമയം പ്രവര്‍ത്തന നഷ്ടം കുറയ്ക്കാനും ഡീസല്‍ ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് മാനേജ്‌മെന്റ്. സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ നടത്തുന്ന ഡീസല്‍ ബസുകള്‍ക്ക് പകരമായി 25 ബസുകള്‍ കൂടി ഈ മാസം എത്തും. ഓണത്തിന് മുമ്പ് കൂടുതല്‍ ഇന്ധനക്ഷമതയുള്ള ബസുകള്‍ നിരത്തിലിറക്കാന്‍ ആണ് മാനേജ്‌മെന്റിന്റെ നീക്കം. ദില്ലിയിലെ പിഎംഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷനാണ് ബസുകള്‍ നിര്‍മിച്ച് നല്‍കുന്നത്.